Kerala
അഡാര്‍ ലൗ: പ്രിയാ വാര്യരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: “ഒരു അഡാര്‍ ലൗ” എന്ന സിനിമയിലെ വൈറലായി മാറിയ ഗാന രംഗത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായിക പ്രിയാവാര്യര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ഹരജി എത്രയും വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് ഇന്ന് തന്നെ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചത്.
ചിത്രീകരണം നടക്കുന്നതിനിടെ സിനിമയിലെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഗാന രംഗം ഇന്റര്‍നെറ്റ് വഴി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗാനരംഗം വൈറലാകുകയും ചെയ്തു. മലബാറില്‍ പ്രസിദ്ധമായ മാപ്പിളപാട്ടായിരുന്നു പുതിയ താളത്തില്‍ ഈ രംഗത്ത് ഉപയോഗിച്ചിരുന്നത്. ഗാനചിത്രീകരണം മത നിന്ദക്ക് കാരണമാവുന്നതായി ആരോപിച്ച് ഹൈദരാബാദിലെ ഒരു സംഘം യുവാക്കളാണ് ആദ്യം പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് തെലങ്കാന പോലീസ് കേസെടുത്ത് സംവിധായകന് നോട്ടീസ് അയച്ചു. മാത്രമല്ല, തന്റെ ജീവനും സ്വത്തിനും ഭീഷണിയുള്ളതായും സംവിധായകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതു സംബന്ധിച്ച് കേസുണ്ടായി. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ജോസഫ് വാഴക്കാല എന്നിവരും ഇതു സംബന്ധിച്ച് ഹരജി നല്‍കിയിട്ടുണ്ട്. അഡ്വ. ഹാരീസ് ബീരാന്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.




