കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്; കെജ്‌രിവാള്‍ പങ്കെടുക്കും

Posted on: February 21, 2018 9:12 am | Last updated: February 21, 2018 at 11:01 am

ചെന്നൈ: കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും. മധുരയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ എ എ പി നേതാവ് കൂടിയായ കെജ്‌രിവാള്‍ പ്രസംഗിക്കും. അതിനിടെ വൈകുന്നേരം മധുരയിലെത്തിയ കമല്‍ ഹാസന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെ, കഴിഞ്ഞ സെപ്തംബറില്‍ കെജ്‌രിവാള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അഴിമതിയുടെയും വര്‍ഗീയവാദത്തിന്റെയും ശക്തികളെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സമാനമനസ്‌കര്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ ഐ എ ഡി എം കെയില്‍ നിന്നുള്ള ഒരാളുമായും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശ്യമില്ലെനനും ഭരണം ശരിയായ രീതിയിലല്ലെന്ന് വ്യക്തമായി പറയുകയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

നാം തമിഴര്‍ കച്ചി നേതാവ് സീമാനുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകിട്ട് മധുരയിലെ ഒത്തകടൈയില്‍ ആറ് മണിക്കാണ് പാര്‍ട്ടി പതാക കമല്‍ഹാസന്‍ ഉയര്‍ത്തുക.