Connect with us

International

സിറിയ: മരണം 150 ആയി

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപത്തെ ഹൗതയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. വിമതരുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് സിറിയന്‍ സൈന്യവും റഷ്യന്‍ വ്യോമസേനയും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ ഹൗതയില്‍ ഇന്നലെ മാത്രം അമ്പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്ക്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റതായും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനിടെ ഇവിടെ 150ലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നാല് ലക്ഷത്തോളം ജനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റുമുട്ടല്‍ ശക്തമായതോടെ ശക്തമായ മുന്നറിയിപ്പുമായി യു എന്‍ രംഗത്തെത്തി. ഹൗതയിലെ സാഹചര്യം നിയന്ത്രണത്തിനതീതമാണെന്നും അടിയന്തരമായി ഇവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യു എന്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണം ശക്തമായ സാഹചര്യത്തില്‍ പരുക്കേറ്റവരെയും മറ്റും സുരക്ഷിത ഇടത്തേക്ക് മാറ്റാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമായിരിക്കുകയാണെന്നും ആയിരക്കണക്കിന് രോഗികളെയും പരുക്കേറ്റവരെയും ഇവിടെ നിന്ന് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ഹൗതയിലെ പത്ത് നഗരങ്ങളും നിരവധി ഗ്രാമങ്ങളും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും പ്രധാന റോഡുകളും കെട്ടിടങ്ങളും പൂര്‍ണമായും ഇല്ലാതായിട്ടുണ്ടെന്നും സിറിയന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി മുതല്‍ ഹൗതയില്‍ നടക്കുന്ന ആക്രമണത്തില്‍ 194 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 850 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.