ന്യൂസ്‌ലൈറ്റ്: ഹാദിയ സുപ്രിം കോടതിയില്‍ / മഅ്ദനി ആശുപത്രിയില്‍

Posted on: February 20, 2018 10:10 pm | Last updated: February 21, 2018 at 9:25 am


ഇസ്ലാം മത വിശ്വാസമനുസരിച്ച് സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭര്‍ത്താവ് ഷഫിന്‍ ജഹാനുമൊത്ത് ഭയാശങ്കകളില്ലാതെ ജീവിക്കാനുള്ള അവകാശം വകവെച്ചുകിട്ടണമെന്നാണ് ഹാദിയയുടെ ആവശ്യം. ജീവിതത്തില്‍ താന്‍ ഇതുവരെ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിത്തരണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചു. വീട്ടുതടങ്കലില്‍ താന്‍ കൊടിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഈ കാലയളവില്‍ നിരവധി പേര്‍ ഇസ് ലാം മതത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്നു. എന്‍ഐഎ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഭീകരവാദിയെ പോലെയാണ് കണ്ടതെന്നും ഹാദിയ പറഞ്ഞു. ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ഇത്തരം ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കാലത്തെ ആത്മഹത്യകളെ കുറിച്ച് മാത്രമേ എല്ലാവരും പറയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയുള്ള പെന്‍ഷന്‍ കുടിശ്ശിക വിതരണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അതേസമയം പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന് ഉദ്ഘാടനം ചടങ്ങ് നടത്തിയത് കടന്ന കൈയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്നതായി ബസുടമകള്‍ അറിയിച്ചത്. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അതേസമയം ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചും ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് പരിഗണിച്ചുമാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും അവര്‍ പറഞ്ഞു. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച.

തിരുത്തി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജ് നിയമന വിവാദത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വേണുഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്തികയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചതാണ് കേസിന് ആധാരം.

പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി നീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് ആരോപിച്ച് അധികൃതര്‍ക്ക് നീരവ് മോദി കത്തയച്ചു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമെന്ന് കത്തില്‍ പറയുന്നു. അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് വ്യക്തമാക്കി. അതിനിടെ, നീരവ് മോദിയുടെ സിഎഫ് ഒ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇയളെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു

യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ എസ് പി ശുഐബ് കൊല്ലപ്പെട്ടതിന്റെ ഒമ്പതാം ദിവസമായ നാളെ കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം ചേരും. രാവിലെ പത്തരക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. പകരം മന്ത്രി എ കെ ബാലനാണ് യോഗം നിയന്ത്രിക്കുക. അതേസമയം യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തീല്‍ ഇപ്പോള്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഉണ്ടായിരുന്നില്ലെന്ന് ഒപ്പം വെട്ടേറ്റ നൗഷാദ്. ആകാശിനെ നേരിട്ടറിയാമെന്നും അക്രമികളില്‍ ആര്‍ക്കും ആകാശിന്റെ ശരീരപ്രകൃതം ഉണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. പുറകോട്ട് വളഞ്ഞ കുറച്ച് കനമുള്ള ഒരുതരം വാളുപയോഗിച്ചാണ് അക്രമികള്‍ ശുഐബിനെ വെട്ടിയത്. അക്രമിസംഘത്തില്‍ പെട്ടവര്‍ക്ക് 26-27 വയസ്സ് പ്രായം തോന്നിക്കുമെന്നും നൗഷാദ് വ്യക്തമാക്കി.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ബംഗളൂരുവിലെ ഡോ. രാമയ്യ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാല് മണിയോടെയാണ് ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റില്‍ നിന്ന് മഅ്ദനിയെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പ്രമേഹവും ഇരു കൈകളുടെയും പ്രവര്‍ത്തന ക്ഷമത കാര്യമായ നിലയില്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ പരിശോധനകള്‍ക്ക് ശേഷം മഅദനിയുടെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുക്കും.

രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ അടിയന്തരാവസ്ഥ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. മാലദ്വീപ് പാര്‍ലിമെന്റാണ് ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. 38 അംഗങ്ങള്‍ മാത്രമാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവര്‍ എല്ലാവരും അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാനുള്ള പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ തീരുമാനത്തെ പിന്തുണക്കുകയായരുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ മാസം അഞ്ചിനാണ് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേരെ ജനക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതികളെ ആള്‍ക്കൂട്ടം സംഘടിച്ചെത്തി സ്‌റ്റേഷന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.