Connect with us

National

പരിപൂര്‍ണ മുസ്‌ലിമായി ജീവിക്കാനുള്ള അവകാശം തേടി ഹാദിയ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പരിപൂര്‍ണ ഇസ്ലാം മത വിശ്വാസിയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭര്‍ത്താവ് ഷഫിന്‍ ജഹാനുമൊത്ത് സ്വതന്ത്ര മുസ്ലിമായി ജീവിക്കാനുള്ള അവകാശം വകവെച്ചുകിട്ടണമെന്നാണ് ഹാദിയയുടെ ആവശ്യം. ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.ജീവിതത്തില്‍ താന്‍ ഇതുവരെ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കിത്തരണമെന്നും ഹാദിയ സത്യവാങ്മൂലത്തില ആവശ്യപ്പെട്ടു.

വീട്ടുതടങ്കലില്‍ താന്‍ കൊടിയ മാനസിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഈ കാലയളവില്‍ രാഹുല്‍ ഈശ്വര്‍ അടക്കം നിരവധി പേര്‍ ഇസ് ലാം മതത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്നു. മതപരിവര്‍ത്തനം ആവശ്യപ്പെട്ട് ശിവശക്തി യോഗ സെന്ററുകാരും വീട്ടില്‍ വന്നു. എന്‍ഐഎ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഭീകരവാദിയെ പോലെയാണ് കണ്ടത്. തനിക്ക് പ്രാര്‍ഥന നിര്‍വഹിക്കാനോ ഇസ്ലാം മതാചാര പ്രകാരം ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യം വീട്ടില്‍ നിഷേധിക്കപ്പെട്ടെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

2013ല്‍ സ്വയം ഇഷ്ടപ്രകാരമാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചത്. കുടുംബജീവിതം വേണമെന്ന ഘട്ടത്തിലാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടന്നത്. ഇനിയെങ്കിലും ഷഫിന്‍ ജഹാന്റെ ഭാര്യയായി സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം – ഹാദിയ ആവശ്യപ്പെട്ടു.

അതേസമയം, ഹാദിയയെ മതംമാറ്റി സിറിയയിലേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിതാവ് അശോകന്‍ എതിര്‍ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചു. സിറിയയില്‍ ലൈംഗിക അടിമയാക്കാനായിരുന്നു ഉദ്ദേശമെന്നും അശോകന്‍ പറയുന്നു.