Connect with us

Sports

ബാഴ്‌സ ചെല്‍സിയില്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സിയും സ്പാനിഷ് ലാ ലിഗയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്‌സലോണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിന്റെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍.
ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടമായി മാറും ഇത്. കാരണം 2009 ല്‍ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ തീ പാറിയിരുന്നു. സെമിഫൈനലിലായിരുന്നു പോരാട്ടം. ആന്ദ്രെ ഇനിയെസ്റ്റയുടെ നാടകീയ ഗോളില്‍ബാഴ്‌സലോണ ഫൈനലിലെത്തുകയായിരുന്നു.
ചെല്‍സിക്കെതിരായി തുടരെ വിസിലൂതിയ റഫറി ടോം ഹെന്നിംഗ് ഓവ്രെബോക്ക് വധഭീഷണി വരെയുണ്ടായി. നാല് പെനാല്‍റ്റികളാണ് റഫറി ചെല്‍സിക്ക് നിഷേധിച്ചത്. മൈക്കല്‍ ബല്ലാക്കും മൈക്കല്‍ എസിയനും ഉള്‍പ്പെടുന്ന സംഘം റഫറിയെ പരസ്യമായി ചോദ്യം ചെയ്തു. ചെല്‍സിയുടെ പല കളിക്കാര്‍ക്കും ഇതിന്റെ പേരില്‍ കാര്‍ഡ് കണ്ടു.

കൈയ്യാങ്കളി പുറത്തെടുത്ത ബാഴ്‌സയുടെ അബിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ടത് മാത്രമായിരുന്നു ചെല്‍സിക്ക് അനുകൂലമായ റഫറിയിംഗ്. എന്നാല്‍, പത്ത് പേരുമായി കളിച്ച ബാഴ്‌സ ഇനിയെസ്റ്റയുടെ ഗോളില്‍ തൊണ്ണൂറാം മിനുട്ടില്‍ ജയിച്ചു.
ഇന്നും വാശിയേറിയ മത്സരം നടക്കും. അന്റോണിയോ കോന്റെയുടെ നീലപ്പട മെസിക്കും കൂട്ടര്‍ക്കും പ്രതിരോധത്തിന്റെ മതില്‍ പണിയും. അത് പൊളിച്ചടുക്കാന്‍ ബാഴ്‌സലോണ കിണഞ്ഞു പരിശ്രമിക്കുന്നിടത്ത് ക്ലാസിക് രംഗങ്ങള്‍ പിറവി കൊള്ളും.

മെസി-ലിനേക്കര്‍ കൂടിക്കാഴ്ച

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയെ നേരിടാന്‍ ലണ്ടനിലെത്തിയ ബാഴ്‌സലോണ സൂപ്പര്‍ താരം മുന്‍ ഇംഗ്ലണ്ട്,ബാഴ്‌സലോണ താരം ഗാരി ലിനേക്കറുമായി കൂടിക്കാഴ്ച നടത്തി.
ലിനേക്കര്‍ തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെയാണ് മെസിയുമായുള്ള കൂടിക്കാഴ്ച അറിയിച്ചത്. ലിനേക്കറിന്റെ നാല് ആണ്‍മക്കളും ഒപ്പമുണ്ടായിരുന്നു.
ആന്‍ഗസ്, ജോര്‍ജ്, ഹാരി, തോബിയാസ് എന്നിവര്‍ ഇഷ്ടതാരവുമായി കുറച്ച് നേരം സൗഹൃദം പങ്കിട്ടത് ആവേശവും ആഹ്ലാദവും അടക്കിപ്പിടിച്ചായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ബാഴ്‌സ ടീമിന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.
മെസി, ജെറാര്‍ഡ് പീക്വെ, സാമുവല്‍, ഡെംബെലെ എന്നിവര്‍ ചെല്‍സിയുടെ തട്ടകത്തിലേക്ക് ആത്മവിശ്വാസത്തോടെയാണെത്തുന്നത്. ലാ ലിഗയില്‍ എയ്ബറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബാഴ്‌സലോണ സ്‌പെയ്‌നില്‍ അപരാജിതരായി കുതിക്കുകയാണ്.

 

 

Latest