ലിംഗാനുപാതത്തിലെ അന്തരം

Posted on: February 19, 2018 6:02 am | Last updated: February 18, 2018 at 11:50 pm

SIRAJആശങ്കാജനകമാണ് ജനന ലിംഗാനുപാതം സംബന്ധിച്ച നീതീ ആയോഗിന്റെ വെളിപ്പെടുത്തല്‍. രാജ്യത്തെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ആണ്‍-പെണ്‍ ലിംഗാനുപാതത്തിലെ വിടവ് കൂടിവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങി വലിയ 17 സംസ്ഥാനങ്ങളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നതെന്നും നീതീആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്താണ് ഇക്കാര്യത്തില്‍ മുന്നില്‍. അവിടെ 1,000 ആണ്‍കുട്ടികള്‍ക്ക് 907 പെണ്‍കുട്ടികളെന്ന അനുപാതത്തില്‍ നിന്ന് 854ലേക്ക് ഇടിഞ്ഞിരിക്കയാണിപ്പോള്‍. 2001ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 941 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന കാശ്മീരില്‍ ഇപ്പോഴുള്ളത് 1000 ന് 862 പെണ്‍കുട്ടികള്‍. 1000ന് 916 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന യു പിയില്‍ 1000ന് 902 ഉം 913 ഉണ്ടായിരുന്ന മഹാരാഷ്ട്രയില്‍ 894 ഉം ഉത്തരാഖണ്ഡില്‍ 908ന്റെ സ്ഥാനത്ത് 890 ഉം പെണ്‍കുട്ടികളാണുള്ളത്. സ്ത്രീ- പുരുഷാനുപാതം കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്്. റോയിട്ടേര്‍സ് നടത്തിയ പഠനത്തില്‍ പെണ്‍ഭ്രൂണഹത്യ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണ്.

സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പരിഗണന, പെണ്‍ ശിശു പരിരക്ഷയില്‍ കാട്ടുന്ന അശ്രദ്ധ, പെണ്‍കുട്ടി ജനിക്കുന്നത് പാപമാണെന്ന അന്ധവിശ്വാസം, സ്ത്രീധന സമ്പ്രദായം, പാരമ്പര്യ സ്വത്തുക്കള്‍ കൈവിട്ടുപോകുമോ എന്ന ഭയം തുടങ്ങിയവയാണ് പെണ്‍ഭ്രൂണഹത്യയുടെ വര്‍ധനവിനും ആണ്‍-പെണ്‍ ലീംഗാനുപാതത്തിലെ വ്യത്യാസത്തിനും ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍. യു എന്‍ പോപ്പുലേഷന്‍ ഫണ്ട് കണക്കുകള്‍ പ്രകാരം ലിംഗനിര്‍ണയം നടത്തി ഗര്‍ഭത്തില്‍ തന്നെ നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 2001 നും 2008നും ഇടയില്‍ ഇന്ത്യയില്‍ 5.7 ലക്ഷം വരും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പ്രവണത വര്‍ധിച്ചിരിക്കയാണ്. ഗര്‍ഭഛിദ്രം പ്രധാന വരുമാനമായി സ്വീകരിച്ച ആശുപത്രികള്‍ രാജ്യത്തെമ്പാടുമുണ്ട്. ഇത് സര്‍ക്കാര്‍ വൃത്തങ്ങളുടെ ശ്രദ്ധയില്‍ അകപ്പെടാതിരിക്കാനായി ആശുപത്രി റിക്കര്‍ഡുകളില്‍ കൃത്രിമം കാട്ടുകയാണ്. 2014-15 വര്‍ഷത്തില്‍ ഡല്‍ഹിയിലെ ചില ആശുപത്രികളില്‍ ജനനനിരക്ക് ആയിരം ആണ്‍കുട്ടികള്‍ക്ക് 285 പെണ്‍കുട്ടികള്‍ എന്ന അനുപാതം ആയിരം ആണ്‍കുട്ടികള്‍ക്ക് 788 പെണ്‍കുട്ടികള്‍ എന്നാക്കി തെറ്റായി രേഖപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രികളും മെഡിക്കല്‍ സെന്ററുകളുമടക്കം 89 സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന കുടുംബക്ഷേമ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ജനിതക തകരാര്‍, നാഡീവ്യൂഹ തകരാര്‍, ക്രോമൊസോം തകരാര്‍, ലൈംഗികജന്യ രോഗങ്ങള്‍ തുടങ്ങിയവക്ക് മാത്രമേ നിയമാനുസൃതം അള്‍ട്രാ സൗണ്ട് തുടങ്ങിയ പരിശോധന പാടുള്ളൂ. അല്ലാത്ത സ്‌കാനിംഗും ഗര്‍ഭഛിദ്രവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഉത്തമ വിശ്വാസത്തോടെ ജീവന്‍ രക്ഷിക്കാനായിട്ടല്ലാതെ നടത്തുന്ന ഗര്‍ഭഛിദ്രത്തിനു രണ്ട് വര്‍ഷം തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാകുന്നതാണ്.

ഗര്‍ഭസ്ഥ ശിശു ചലനാവസ്ഥയിലെത്തിയിട്ടുണ്ടെങ്കില്‍ശിക്ഷ ഏഴ് വര്‍ഷത്തോളമായിരിക്കും. ഗര്‍ഭിണിയുടെ സമ്മതമില്ലാതെയാണ് അലസിപ്പിക്കുന്നതെങ്കില്‍ ശിക്ഷ 10 വര്‍ഷത്തെ തടവും പുറമെ പിഴ ശിക്ഷയുമാണ്. എങ്കിലും രാജ്യത്ത് ഗര്‍ഭഛിദ്രം കൂടി വരികയാണ്. ഇതു തടയാന്‍ സംസ്ഥാനങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഗര്‍ഭിണിയുടെ സ്‌കാനിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കണ്ട മാര്‍ഗം. ഇതുവഴി അനധികൃത സ്‌കാനിംഗും ബ്രൂണഹത്യയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ 7600ല്‍ അധികം സോണോഗ്രഫി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ അനധികൃതമായി ലിംഗനിര്‍ണയം നടത്തുന്ന മെഡിക്കല്‍ സെന്ററുകളെ കണ്ടെത്താന്‍ രഹസ്യ ഡിറ്റക്ടീവുകളെ നിയമിക്കുകയും ഇത്തരം സെന്ററുകളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിച്ചിരുന്നു. ഗര്‍ഭിണിയായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിശുവിന്റെ ഗര്‍ഭനിര്‍ണയം നടത്തി അക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഇതുവഴി പെണ്‍കുട്ടികളെ ഭ്രൂണഹത്യ ചെയ്യുന്നതു തടയാമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

ലിംഗാനുപാതം ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. ഭാവിയില്‍ ബാല ലൈംഗിക പീഡനം പെരുപ്പത്തിലേക്കും ഭാര്യയെ പങ്കുവെക്കല്‍ സ്ഥിതിവിശേഷത്തിലേക്കും നയിക്കുമെന്നാണ് യു എന്‍ നിരീക്ഷണം. ഗര്‍ഭഛിദ്രം തടയുന്നതിന് സര്‍ക്കാര്‍ ഫല പ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ഇതുസബന്ധമായ നിയമ, ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കുകയും ചെയ്യേണ്ടതാണ്.