റഡാര്‍ പരിശോധന പറക്കല്‍ വിജയകരം

Posted on: February 19, 2018 7:38 am | Last updated: February 18, 2018 at 11:40 pm
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായി പരീക്ഷണ വിമാന പറക്കലിന്റെ റൂട്ട് മാപ്പ് കിയാല്‍ എം ഡി. പി ബാലകിരണിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പരിശോധിക്കാനുള്ള വിമാനത്തിന്റെ പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വ്യോമ പാതയിലെ സിഗ്‌നലുകള്‍ റഡാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമായതോടെ വ്യോമഗതാഗത പാതയില്‍ ചൈന്നെക്കും ഗോവക്കുമിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാന്നിധ്യം തെളിഞ്ഞു. രാവിലെ 9.52ഓടെ ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ട ഡോണിയര്‍ വിമാനം മൂവായിരം മുതല്‍ അയ്യായിരം വരെ അടി ഉയരത്തില്‍ പറന്നാണ് പരീക്ഷണം നടത്തിയത്.
ഏകദേശം രണ്ടര മണിക്കൂര്‍ വിമാനത്താവള മേഖലയില്‍ വിമാനം പരിശോധന നടത്തി.

വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡി വി ഒ ആര്‍ റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തിയത്. ഇതോടെ സി എന്‍ എന്‍ എന്ന അയാട്ട കോഡുള്ള കണ്ണൂര്‍ വിമാനത്താവളം ലോക വ്യോമയാന ഭൂപടത്തില്‍ ഇടംപിടിച്ചു. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്ന് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ വാണിജ്യ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമായി. റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം 112.6 മെഗാഹെട്‌സാണ്. ഇതില്‍ നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങള്‍ വിമാനങ്ങളില്‍ ഘടിപ്പിക്കും. റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വരും.

കാലിബ്രേഷന്‍ വിജയകരമായതോടെ വിമാന താവളത്തിന്റെ വലിയ ഘട്ടം പൂര്‍ത്തികരിച്ചതായി എം ഡി ബാലകിരണ്‍ പറഞ്ഞു കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും വിമാനത്താവളത്തിന്റെ പുറത്തുള്ള സുരക്ഷ ശക്തിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തെ എട്ട് നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ പറക്കാന്‍ അവസരമൊരുങ്ങുന്നതിനുള്ള സംവിധാനവും തയ്യാറാകും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയതോടെയാണ് ഡിസ്‌കൗണ്ട് നിരക്കില്‍ പറക്കാനുള്ള വഴി തുറക്കുന്നത്. ഉഡാന്‍ പദ്ധതിയില്‍ നടത്തുന്ന സര്‍വീസുകളില്‍ പകുതി സീറ്റുകള്‍ക്ക് 5000 രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഇതുവഴിയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കുക. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന റൂട്ടില്‍ കുറഞ്ഞ സബ്‌സിഡി സ്വീകരിച്ച് സര്‍വീസ് നടത്താന്‍ തയ്യാറാവുന്ന കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

2500 രൂപക്ക് ഒരു മണിക്കൂറെങ്കിലും പറക്കാന്‍ അവസരമൊരുക്കണം എന്നതാണ് പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം. കണ്ണൂര്‍ വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ സര്‍വീസുകളും തുടങ്ങാനാണ് സാധ്യത. വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബറില്‍ നിര്‍വഹിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. 1892 കോടി ചെലവില്‍ നിര്‍മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം 2092 ഏക്കര്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. റണ്‍വേയുടെ നീളം 3050 മീറ്ററാണ്. ബോയിംഗിന്റെ വമ്പന്‍ വിമാനങ്ങള്‍ക്കടക്കം ഇവിടെ സുഗമമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും രണ്ട് വര്‍ഷം കൊണ്ട് റണ്‍വേയുടെ നീളം 4000 മീറ്ററാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.