ഭുവനേശ്വര്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: February 18, 2018 8:04 pm | Last updated: February 19, 2018 at 9:48 am
SHARE

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 28 റണ്‍സിനാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യ മുന്നോട്ടു വെച്ച 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വലപ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നാല് ഓവറില്‍ 24 റണ്‍സ് വഴിങ്ങിയാണ് ഭുവനേശ്വര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഉനദ്കട്, ഹാര്‍ദിക് പാണ്ഡ്യ, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 50 പന്തില്‍ 70 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ബെഹര്‍ദീന്‍ 39 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മികച്ച ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോറിംഗിന് കരുത്തേകിയത്. 39 പന്തുകൡ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ ധവാന്‍ 72 റണ്‍സെടുത്തു. മനീഷ് പാണ്ഡ 29 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശര്‍മ ഒമ്പത് പന്തില്‍ രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 21 റണ്‍സെടുത്ത് പുറത്തായി. ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌ന 15ഉം നായകന്‍ വിരാട് കോഹ്‌ലി 26ഉം ധോണി 16ഉം റണ്‍സെടുത്തപ്പോള്‍ 13 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here