ത്രിപുര ഇന്ന് ബൂത്തിലേക്ക്

Posted on: February 18, 2018 9:08 am | Last updated: February 18, 2018 at 4:36 pm

അഗര്‍ത്തല: ത്രിപുരയിലെ ജനങ്ങള്‍ ഇന്ന് ബൂത്തിലേക്ക്. കഴിഞ്ഞ 25 വര്‍ഷമായി ഇടതുപക്ഷം അധികാരത്തില്‍ തുടരുന്ന ഇവിടെ 20 വര്‍ഷമായി മണിക് സര്‍ക്കാറാണ് മുഖ്യമന്ത്രി. ഈ വിജയത്തുടര്‍ച്ച നിലനിര്‍ത്താനാകുമോ അതോ ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ ഒടുങ്ങുമോ എന്നതാണ് ഇത്തവണത്തെ ത്രിപുര തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്. വികസന മുരടിപ്പടക്കമുള്ള ബി ജെ പി പ്രചാരണത്തെ മറികടക്കാന്‍ ഇടതുപക്ഷം വിയര്‍ക്കുമെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് റാലികളിലാണ് ഈ ചെറു സംസ്ഥാനത്ത് പങ്കെടുത്തത്. ബി ജെ പി നടത്തുന്ന പ്രചണ്ഡ പ്രചാരണത്തിന്റെ തെളിവാണ് ഇത്. എന്നാല്‍ മാധ്യമങ്ങളില്‍ കാണുന്ന ഒരു അട്ടിമറിയും ത്രിപുരയില്‍ നടക്കില്ലെന്ന് ഇടതുപക്ഷ പാളയം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

സി പി എമ്മിനു വേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു റാലിയില്‍ പങ്കെടുത്തു. ആകെയുള്ള 60 സീറ്റില്‍ 59 ഇടത്താണ് വോട്ടെടുപ്പ് നടക്കുന്നത്. ചാരിലാം നിയമസഭാ മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായന്‍ അന്തരിച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇവിടെ മാര്‍ച്ച് 12നാണ് വോട്ടെടുപ്പ്. മൊത്തം 307 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
സി പി എം 56 സീറ്റില്‍ മത്സരിക്കുന്നു. ഘടക കക്ഷികളായ ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, സി പി ഐ എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഗോത്ര വര്‍ഗ കക്ഷിയുമായി സഖ്യത്തിലാണ് ബി ജെ പി. താമര പാര്‍ട്ടി ഇവിടെ 51 സീറ്റില്‍ മത്സരിക്കുന്നു.

ബാക്കിയുള്ളിടത്ത് ഐ പി എഫ് ടി എന്ന ഗോത്ര വര്‍ഗ സഖ്യ പാര്‍ട്ടിക്കാണ് ടിക്കറ്റ് നല്‍കിയത്. ഒറ്റക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് കക്രാബോണ്‍ മണ്ഡലമൊഴിച്ച് എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നു. മൊത്തം 25 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 47,803 പേര്‍ കന്നി വോട്ടര്‍മാരാണ്.

20 സീറ്റുകള്‍ പട്ടിക വര്‍ഗങ്ങള്‍ക്കായി സംവരണം ചെയ്തവയാണ്. ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുന്നതില്‍ ഇത്തവണ നിര്‍ണായകമാകുന്നത് ആദിവാസി മേഖലയിലെ ഈ 20 സീറ്റുകളായിരിക്കും. കഴിഞ്ഞ ദിവസം ത്രിപുരയിലെ ശാന്തിബസാറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കണ്ണുവെച്ചത് ഈ സീറ്റുകളില്‍ തന്നെയാണ്.

ആദിവാസികള്‍ക്കിടയില്‍ ഏക്കാലത്തും ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. 2013ല്‍ ഈ 20 സീറ്റുകളും ഇടതുപക്ഷം നേടിയിരുന്നു. ഇവിടെയാണ് ബി ജെ പി ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ള ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറയുന്നു. ഒരു ആശങ്കയുമില്ല. ബി ജെ പിയുടെ കള്ളപ്രചാരണം ജനം തള്ളിക്കളയും- മണിക് സര്‍ക്കാര്‍ പറഞ്ഞു.