അറബ്-ഇന്ത്യന്‍ സാംസ്‌കാരിക മേള

Posted on: February 17, 2018 8:07 pm | Last updated: February 17, 2018 at 8:07 pm

അബുദാബി: അബുദാബി വീക്ക് എന്ന പേരില്‍ അറബ്-ഇന്ത്യന്‍ സാംസ്‌കാരിക മേളക്ക് കൊച്ചിയില്‍ തുടക്കമായി. അബുദാബിയിലെ നിക്ഷേപാവസരങ്ങള്‍ വിളംബരം ചെയ്യാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് അബുദാബി സാംസ്‌കാരിക വകുപ്പ് അബുദാബി വീക്ക് സംഘടിപ്പിച്ചിട്ടുള്ളത്.
അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിക്കുന്ന പരിപാടിയില്‍ പ്രധാന വിനോദസഞ്ചാര മേഖലകള്‍, ടൂറിസം പാക്കേജുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തും.

കേരളത്തിലെ ടൂറിസം സാധ്യതകള്‍ അബുദാബി സംഘത്തെ അറിയിക്കാനും അവസരം ലഭിക്കും. കലാ-കായിക, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ, ഉല്ലാസ മേളകളും ഉള്‍പെടുത്തിയാണ് അബുദാബി വീക്ക്. അബുദാബി കാഴ്ചകളുടെ ത്രിമാന ദൃശ്യാനുഭവം ആസ്വദിക്കാന്‍ മേളയില്‍ അവസരമൊരുക്കും. ഫെരാരി വേള്‍ഡ്, ല്യൂറെ മ്യൂസിയം, അല്‍ ഐന്‍ കൊട്ടാരം, ഡെസേര്‍ട് സഫാരി, അല്‍ ദഫ്‌റ പൈതൃകക്കാഴ്ചകള്‍ തുടങ്ങിയവ പരിചയപ്പെടുത്തും.

ബദൂവിയന്‍ ജീവിതരീതികളും കരകൗശല വിദ്യകളും അറിയാന്‍ അവസരമൊരുക്കും. പരമ്പരാഗത അറബിക് നൃത്തമായ അല്‍ അയാല നര്‍ത്തകര്‍, സംഗീത-വാദ്യ കലാകാരന്മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്. യുനസ്‌കോ സാംസ്‌കാരിക-പൈതൃക പട്ടികയിലുള്ള കലാരൂപമാണ് അല്‍ അയാല.
തനത് അറബിക് വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയുമുണ്ടാകും. സന്ദര്‍ശകര്‍ക്കുള്ള ആകര്‍ഷക പാക്കേജുകളുടെ പ്രഖ്യാപനമുണ്ടാകും. യാത്രയും ഭക്ഷണവും താമസവും ഉള്‍പെടെയുള്ള പാക്കേജുകളാണിവ.

ഊഷ്മളമായ ഉഭയകക്ഷിബന്ധം വിവിധ മേഖലകളില്‍ തുറന്നിടുന്ന അവസരങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ റോഡ് ഷോ ഉള്‍പെടെയുള്ള പരിപാടികള്‍ യു എ ഇ നടത്തുന്നുണ്ട്.