ശുഐബ് വധം: പ്രതികളുമായി ബന്ധമുള്ള ആറ് പേര്‍ കസ്റ്റഡിയില്‍

Posted on: February 17, 2018 7:30 pm | Last updated: February 18, 2018 at 11:21 am
SHARE

കണ്ണൂര്‍: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുമായി അടുത്ത ബന്ധമുള്ള ആറ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല ഇവരെങ്കിലും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ചുരുളഴയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതികളെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചതായും സൂചനയുണ്ട്. സിസി ടി വി പരിശോധനയിലും വിശദമായ അന്വേഷണത്തിലും നാല് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ എവിടെയാണ് ഉള്ളതെന്ന് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.

പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു. പല സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് വന്‍വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.