രാഷ്ട്രീയ പാര്‍ട്ടികള്‍ ശത്രുത അവസാനിപ്പിക്കണം: ഉപരാഷ്ട്രപതി

Posted on: February 17, 2018 12:59 pm | Last updated: February 17, 2018 at 2:43 pm

കോഴിക്കോട്: കേരളത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും അക്രമവും വികസനവും ഒരുമിച്ചു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം. കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല, രാജ്യത്തിന് തന്നെ ഭൂഷണമല്ല. വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിനെ എന്നും നശിപ്പിച്ചിട്ടേയുള്ളൂ.

അക്രമമല്ല, സര്‍വലോക സമാധാനമാണ് ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അക്രമരാഷട്രീയം ഇന്ത്യയുടെ ശോഭ കെടുത്തുകയാണ് ചെയ്യുക. പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.