തുര്‍ക്കിയുമായുള്ള ബന്ധം ‘മെച്ചപ്പെടുത്തി’ അമേരിക്ക; ടില്ലേഴ്‌സണ്‍ അങ്കാറയിലെത്തി ചര്‍ച്ച നടത്തി

Posted on: February 17, 2018 8:57 am | Last updated: February 17, 2018 at 8:57 am

അങ്കാറ: തുര്‍ക്കിയുമായുള്ള ബന്ധം ‘മെച്ചപ്പെടുത്തി’ അമേരിക്ക. സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലുവുമായി ചര്‍ച്ച നടത്തി. ചെറിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് തന്റെ രാജ്യവും തുര്‍ക്കിയും തമ്മിലുള്ള ബന്ധമെന്ന് ടില്ലേഴ്‌സണും വാക്കുകള്‍ പ്രവൃത്തിപഥത്തിലേക്ക് അമേരിക്ക കൊണ്ടുവരണമെന്ന് കവുസ്ലോഗുവും അങ്കാറയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
യു എസ്- തുര്‍ക്കി സഖ്യം മൂല്യവത്താണെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. എന്തെങ്കിലും സൗകര്യത്തിനോ താത്കാലിക താത്പര്യത്തിനോ വേണ്ടിയുള്ള സഖ്യമല്ല തങ്ങളുടെത്. പരസ്പര താത്പര്യത്തിന്റെയും ആദരവിന്റെയും അടിസ്ഥാനത്തില്‍ നിര്‍മിച്ച സഖ്യമാണ്. സിറിയയില്‍ ഇരു രാഷ്ട്രങ്ങളും ഒരേ ലക്ഷ്യമാണ് പങ്കുവെക്കുന്നതെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.

നിര്‍ണായക ഘട്ടത്തിലാണ് അമേരിക്കയുമായുള്ള തുര്‍ക്കിയുടെ ബന്ധമെന്ന് കവുസോഗ്ലു പറഞ്ഞു. ഒന്നിച്ചിരിക്കണോ അതല്ല വ്യത്യസ്ത ദിശയിലേക്ക് പോകണോയെന്ന് ഇരുകക്ഷികളും തീരുമാനിക്കേണ്ട നിര്‍ണായക ഘട്ടമാണിത്. നേരത്തെയുള്ള ചില വാഗ്ദാനങ്ങള്‍ അമേരിക്ക പാലിച്ചിട്ടില്ല. അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ കുര്‍ദിഷ് വൈ പി ജി സേന സിറിയയിലെ ബന്‍ബിജ് നഗരം വിട്ട് യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങണമെന്നാണ് തുര്‍ക്കി ആവശ്യം. തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംയുക്ത സംവിധാനം ഒരുക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച് ടില്ലേഴ്‌സണോ കവുസോഗ്ലുവോ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈ പി ജി സേനയെ ലക്ഷ്യമിട്ട് വടക്കന്‍ സിറിയയിലെ അഫ്രിന്‍ മേഖലയില്‍ കഴിഞ്ഞ മാസം തുര്‍ക്കി സൈനിക നടപടി ആരംഭിച്ചതിന് ശേഷമാണ് തുര്‍ക്കിയും അമേരിക്കയും പോര്‍വിളി തുടങ്ങിയത്.

സിറിയയിലെ മന്‍ബിജില്‍ 30,000 കുര്‍ദിഷ് സൈനികര്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടിനോട് കടുത്ത ഭാഷയിലാണ് തുര്‍ക്കി പ്രതികരിച്ചത്. സൈനിക നടപടിയില്‍ 30 തുര്‍ക്കി സൈനികരും ആയിരക്കണക്കിന് വൈ പി ജി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഐ എസിനെതിരെ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സില്‍ നിന്ന് വൈ പി ജിയെ പുറത്താക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിക്കെതിരെ പതിറ്റാണ്ട് നീണ്ട പോരാട്ടം നടത്തിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ)യുടെ അനുബന്ധ സംഘടനയാണ് വൈ പി ജിയെന്നാണ് തുര്‍ക്കി സര്‍ക്കാറിന്റെ നിലപാട്.