പ്രവാസികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ഇ മെയില്‍ വഴി അപേക്ഷിക്കാം

Posted on: February 16, 2018 8:16 pm | Last updated: February 16, 2018 at 8:16 pm
SHARE

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ ഇപ്പോള്‍ വിദേശത്താണ് താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇ മെയില്‍ വഴി അപേക്ഷ നല്‍കാവും. ഇതിനായി കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.keralapolice.gov.in) ല്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട എസ് എച്ച് ഒ ക്ക് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതിന് നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ / ബന്ധുവിനെ അധികാരപ്പെടുത്തിയ കത്തും ഉള്‍പ്പെടെ ഇ-മെയിലായി അപേക്ഷിക്കാം. കേരള പോലീസിന്റെ വെബ്‌സൈറ്റിലും കേരള പോലീസിന്റെ രക്ഷ എന്ന മൊബൈല്‍ ആപ്പിലും പോലീസ് സ്റ്റേഷനുകളുടെ ഇ-മെയില്‍ വിലാസം ലഭ്യമാണ്.

ആവശ്യമായ പരിശോധനകള്‍ക്കുശേഷം എസ് എച്ച് ഒ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷകന്‍ അധികാരപ്പെടുത്തിയ വ്യക്തിക്കു നല്കുന്നതാണ്. അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ ഏറ്റുവാങ്ങുന്ന സമയത്ത് തിരിച്ചറിയുന്നതിനായി ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഇ-മെയിലായും അയച്ചുനല്‍കും. ഇതിനായി ആവശ്യപ്പെട്ടാല്‍ എസ് എച്ച് ഒ യുടെ ഒപ്പോടുകൂടിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പി ഡി എഫ് കോപ്പി അപേക്ഷകന്റെ ഇ-മെയിലിലേക്ക് എസ് എച്ച് ഒയുടെ മെയിലില്‍ നിന്നും അയച്ചുനല്‍കേണ്ടതാണ്. അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അടയ്ക്കാവുന്നതാണ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here