Connect with us

Kerala

സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി

Published

|

Last Updated

കോഴിക്കോട്:സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.

രാവിലെ മുതല്‍ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. പണിമുടക്കിനെത്തുടര്‍ന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സമരം മുതലെടുത്ത് വരുമാനം വര്‍ധിപ്പിക്കാനാണു കെഎസ്ആര്‍ടിസിയുടെ നീക്കം.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്കു നിര്‍ദേശം ലഭിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇന്‍സ്‌പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ മേഖലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതായും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യാത്രാനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യം നല്‍കില്ലെന്നാണു സ്വകാര്യ ബസുടമകളുടെ തീരുമാനം. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും കേരള െ്രെപവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു.

മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. ബസ് യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണെന്നിരിക്കെ അവരുടെ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായം നിലനിര്‍ത്താന്‍ കഴിയില്ലെന്നു നേതാക്കള്‍ പറഞ്ഞു.