ഷാര്‍ജ ജുവൈസിലെ ഇന്ത്യന്‍ സ്‌കൂള്‍ 19ന് പ്രവര്‍ത്തനമാരംഭിക്കും

Posted on: February 15, 2018 10:29 pm | Last updated: February 15, 2018 at 10:29 pm

ദുബൈ: ഷാര്‍ജ ജുവൈസയില്‍ പുതുതായി നിര്‍മിച്ച ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഈ മാസം 19ന് ‘ആക്ടിവിറ്റി ഡേ’യില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പുതിയ സ്‌കൂള്‍ വഴിയൊരുക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ 5600 ആണ്‍കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുക.

ഗുബൈബയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്ന് ആണ്‍കുട്ടികളുടെ വിഭാഗം പൂര്‍ണമായും പുതിയ കെട്ടിടത്തിലേക്ക് മാറും. 10 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിര്‍മിച്ച സ്‌കൂളില്‍ 160 ക്ലാസ് മുറികള്‍, 19 ലാംഗ്വേജ് മുറികള്‍, ഏഴ് സയന്‍സ് ലാബ്, ഏഴ് കമ്പ്യൂട്ടര്‍ ലാബ്, 16 ആക്ടിവിറ്റി മുറികള്‍, 11 അധ്യാപക മുറികള്‍, നാല് ക്ലിനിക്, രണ്ട് ലൈബ്രറി, രണ്ട് ഓഡിയോ വിഷന്‍ മുറികള്‍, വിവിധോദ്ദേശ ഓഡിറ്റോറിയം, സ്റ്റേജ്, കാന്റീന്‍, ഇന്‍ഡോര്‍ കളിക്കളം, പ്രാര്‍ഥനാ മുറി, ഡ്രൈവേഴ്‌സ് ബ്ലോക്ക്, ബുക്ക് സ്റ്റോര്‍, സ്റ്റേജ് ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് ബ്ലോക്ക്, പാന്‍ട്രി, സര്‍വീസ് ബ്ലോക്ക്, കാര്‍ പാര്‍കിംഗ്, ബസ് പാര്‍കിംഗ് എന്നീ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുതിയ സ്‌കൂള്‍ കെട്ടിട നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്ന് വൈ എ റഹീം പറഞ്ഞു. നിലവില്‍ ഗുബൈബയിലെ ഇന്ത്യന്‍ സ്‌കൂളില്‍ 16,600 കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 4,500 ആണ്‍കുട്ടികള്‍ പുതിയ സ്‌കൂളിലേക്ക് മാറും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കേരളാ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഇന്ന് (വ്യാഴം) ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്‌കൂള്‍ സന്ദര്‍ശിക്കും. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി നാരായണന്‍ നായര്‍, മാത്യു ജോണ്‍, മുഹമ്മദ് ജാബിര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.