മീനില്‍ മായമുണ്ടോ? പരിശോധന നിമിഷങ്ങള്‍ക്കകം

തിരുവനന്തപുരം
Posted on: February 14, 2018 11:54 pm | Last updated: February 14, 2018 at 11:54 pm

മീനിലെ മായം കണ്ടെത്താന്‍ ഇനി സങ്കീര്‍ണമായ പരിശോധനകളോ ഇതിന്റെ ഫലത്തിനായി വലിയ കാത്തിരിപ്പോ വേണ്ട. നിമിഷങ്ങള്‍ക്കകം പരിശോധന നടത്തി ഫലം ലഭ്യമാക്കാന്‍ സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ആണ് ഇതിനുള്ള കിറ്റ് വികസിപ്പിച്ചത്. ആറ് മാസം നടത്തിയ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയതോടെ ഈ കിറ്റ് ഉപയോഗിച്ച് സംസ്ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്ന് ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കിറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ മത്സ്യങ്ങള്‍ പരിശോധിച്ച് മന്ത്രി നിര്‍വഹിച്ചു.

മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ ഐസ് ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഫോര്‍മാലിനും അമോണിയയും വ്യാപകമായി ഉപയോഗിക്കാറുണ്ട്. കാന്‍സര്‍ അടക്കം ഗുരുതരമായ രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ഇവയുടെ ഉപയോഗം കണ്ടെത്താന്‍ എളുപ്പമാര്‍ഗമില്ലാത്തത് മൂലം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പലപ്പോഴും കാര്യക്ഷമമാകാറില്ല. ഈ പ്രശ്‌നം മറികടക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. മത്സ്യത്തില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ സിഫ്റ്റ് തയ്യാറാക്കിയ കിറ്റിലൂടെ ത്വരിതഗതിയില്‍ തിരിച്ചറിയാന്‍ കഴിയും. ചെറിയൊരു സ്ട്രിപ്പാണ് മീനില്‍ മായമുണ്ടോയെന്ന് കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് മീനില്‍ അമര്‍ത്തിയ ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസ ലായനി ഒഴിക്കണം. മായം കലര്‍ന്ന മീനാണെങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും.

ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്താന്‍ രണ്ട്കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറ് രൂപയാണ് ഒരു കിറ്റിന്റെ വില. ഒരു കിറ്റില്‍ 50 സ്ട്രിപ്പുകളാണുണ്ടാകുക. സ്ട്രിപ്പ്, രാസലായനി, നിറംമാറുന്നത് ഒത്തുനോക്കാനുള്ള കളര്‍ചാര്‍ട്ട് എന്നിവയാണ് കിറ്റിലുണ്ടാകുക. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ഒരു സ്ട്രിപ്പിന് ഒരു രൂപയേ ചെലവ് വരികയുള്ളൂവെന്ന് സിഫ്റ്റിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. മീനിലെ മായം കണ്ടെത്താന്‍ നിലവില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും പരിശോധന ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്.