ശുഐബിന്റെ കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍; ഒരാള്‍ കസ്റ്റഡിയിലായതായി സൂചന

Posted on: February 14, 2018 3:34 pm | Last updated: February 15, 2018 at 10:32 am
SHARE

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട ശുഐബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് എഫ്‌ഐആര്‍. കേസുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്നും ഇയാള്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയെങ്കിലും പോലീസിന് ഇതുവരെയും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നു പറയപ്പെടുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നാലംഗ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മട്ടന്നൂര്‍ സി.ഐ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തെരൂരില്‍ വെച്ച് ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഐബിനെയും സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴി രാത്രി ഒരു മണിയോടെയാണ് മരണം. പരുക്കേറ്റ എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റ് കെ റിയാസ് (40), നൗഷാദ് (30) എന്നിവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here