Connect with us

Kannur

നാട് തേങ്ങി; ശുഐബിന് യാത്രാമൊഴി

Published

|

Last Updated

കണ്ണൂര്‍: മട്ടന്നൂരില്‍ കൊലപാതക രാഷ്ട്രീയത്തിനിരയായ ശുഐബിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പാവങ്ങളുടെ കണ്ണീരൊപ്പാനും പൊതുപ്രവര്‍ത്തനത്തിനും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ശുഐബിന്റെ വിയോഗത്തില്‍ നാടാകെ തേങ്ങി.

എടയന്നൂര്‍ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മിക്കാനിരിക്കുന്ന മര്‍കസുന്നജാത്ത് എന്ന സ്ഥാപനത്തിന്റെ സജീവ പ്രവര്‍ത്തനത്തിലിരിക്കെയാണ് ശുഐബ് രാഷ്ട്രീയ ഫാസിസത്തിന്റെ കൊലക്കത്തിക്കിരയായത്. ഈ സ്ഥാപനത്തിന്റെ സാമ്പത്തിക സ്വരൂപണവുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തനം.

ഇതിന് വേണ്ടി എസ് വൈ എസ് ചാലോട് സര്‍ക്കിള്‍ സെക്രട്ടറി മുഈനുദ്ദീന്‍, എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റ് റിയാസ്, നൗഷാദ് എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തട്ടുകടയില്‍ കയറി ചായ കുടിക്കവെ എടയന്നൂര്‍ തെരൂരില്‍ വെച്ച് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദീര്‍ഘകാലം ദുബൈയിലായിരുന്ന ശുഐബ് മര്‍കസുന്നജാത്തിന്റെ ദുബൈ കമ്മിറ്റി കണ്‍വീനറായിരുന്നു.
നാട്ടിലെത്തിയ ശേഷം എസ് വൈ എസ് സാന്ത്വനം യൂനിറ്റ് ചീഫ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

ഈയടുത്തായി എടയന്നൂരില്‍ സംഘടിപ്പിച്ച എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്ററായും സുന്നി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ശുഐബ് പ്രദേശത്തെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റും എത്തിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ശുഐബിന്റെ വിവാഹാലോചന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് കൊലക്കത്തിക്കിരയായത്.
കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, എം ഐ ഷാനവാസ് എം പി, അഡ്വ. ടി സിദ്ദീഖ്, സതീശന്‍ പാച്ചേനി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിയിരുന്നു. ശുഐബിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ പത്ത് മുതല്‍ 24 മണിക്കൂര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് ഉപവാസ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കൊലപാതകം മട്ടന്നൂര്‍ സി ഐ. എ വി ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Latest