കൊലപാതക രാഷ്ട്രീയം അപലപനീയം: എസ് വൈഎസ്‌

Posted on: February 14, 2018 1:31 am | Last updated: February 14, 2018 at 12:32 am

കോഴിക്കോട് : നിരപരാധികളെ മൃഗീയമായി കൊലപ്പെടുത്തി രാഷ്ട്രീയ ആധിപത്യം നേടാന്‍ ശ്രമിക്കുന്നത് ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശുഐബിന്റെ കൊലയാളികളെ അടിയന്തരമായി പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മട്ടന്നൂരില്‍ സുന്നി പ്രവര്‍ത്തകനായ ശുഐബിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ക്രൂരവും അപലപനീയവുമാണ്. എടയന്നൂരിലെ സുന്നി പ്രവര്‍ത്തകര്‍ക്കൊപ്പം സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും നാട്ടിലെ വൈജ്ഞാനിക മുന്നേറ്റങ്ങളിലും മുന്നില്‍ നിന്ന ശുഐബിന്റെ കൊലപാതകം ഞെട്ടലുളവാക്കിയിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. ഇത്തരം ക്രൂരക്യത്യങ്ങള്‍ കേരളീയ സമൂഹത്തിന് തീരാ കളങ്കമാണ്. കൊലയാളികളെ സംരക്ഷിക്കുന്ന നീക്കങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, ഡോ: പി എ മുഹമ്മദ് കുഞ്ഞു സഖാഫി, ഡോ: എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, റഹ്മത്തുല്ലാഹ് സഖാഫി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സാദിഖ് വെളിമുക്ക് പങ്കെടുത്തു.