ഇന്ത്യ വാഴാത്ത തട്ടകം

വൈകീട്ട് 4.30ന് സോണി ടെന്‍ നെറ്റ് വര്‍ക്കില്‍ തത്സമയം.
Posted on: February 13, 2018 1:41 am | Last updated: February 13, 2018 at 12:43 am

പോര്‍ട്എലിസബത്ത്: മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, മഹേന്ദ്ര സിംഗ് ധോണി എന്നീ മുന്‍ ഇന്ത്യന്‍ നായകരെ തുണച്ചിട്ടില്ലാത്ത തട്ടകമാണ് പോര്‍ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്ക്.

ചരിത്രം തിരുത്താന്‍ വിരാട് കോഹ് ലിക്ക് സാധിച്ചാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ കൈവെള്ളയിലാകും. ആദ്യ നാല് ഏകദിനങ്ങളില്‍ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ മേല്‍ക്കോയ്മ നേടിയിട്ടുണ്ട്. നാലാം മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക ആത്മവിശ്വാസം തിരിച്ചുപിടിച്ചു.

ആറ് മത്സര പരമ്പര 3-1 ല്‍ നില്‍ക്കുന്നു.
സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കളിച്ച നാല് അവസരത്തിലും 200 ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടില്ല.
1992 ലാണ് ആദ്യത്തേത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ടീം ടോസ് ജയിച്ച് ആദ്യംബാറ്റ് ചെയ്തു. 147ന് ആള്‍ ഔട്ട്. ആറ് വിക്കറ്റിന് മത്സരം തോറ്റു. സച്ചിന്റെ നേതൃത്വത്തില്‍ 1997 ല്‍ ഇറങ്ങിയപ്പോഴും ആദ്യം ബാറ്റിംഗ്. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 179.

ദക്ഷിണാഫ്രിക്ക ജാക്വിസ് കാലിസിന്റെ 79 റണ്‍സ് മികവില്‍ 45.1 ഓവറില്‍ ജയിച്ചു.
2006ല്‍ വിരേന്ദര്‍ സെവാഗ് നയിച്ച ടീം 243 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു. 163ന് ആള്‍ ഔട്ട്.2011 ല്‍ ധോണിയുടെ ടീം 48 റണ്‍സിന് തോറ്റു. 266 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മഴനിയമപ്രകാരമാണ് തോറ്റത്. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍
32.5 ഓവറില്‍ 6 വിക്കറ്റിന് 142 എന്ന നിലയിലായിരുന്നു ഇന്ത്യ.