കെ പി രാമനുണ്ണിയുടെ അവാര്‍ഡ് തുക ജുനൈദിന്റെ കുടുംബത്തിന്

Posted on: February 13, 2018 12:13 am | Last updated: February 13, 2018 at 12:13 am

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള സാഹിത്യകാരന്‍ കെ പി രാമനുണ്ണി പുരസ്‌കാരത്തുക ബീഫ് കഴിച്ചെന്നാരോപിച്ച് ട്രെയിന്‍ യാത്രക്കിടെ കൊലപ്പെടുത്തിയ പതിനാലുകാരന്‍ ജുനൈദ് ഖാന്റെ കുടുംബത്തിന് കൈമാറി.
കേന്ദ്രസാഹിത്യ പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിച്ച ഒരു ലക്ഷം രൂപയാണ് ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്രസാഹിത്യ അവാര്‍ഡ് ദാന ചടങ്ങിന് ശേഷം കൈമാറിയത്. അവാര്‍ഡ് തുകയായ ഒരു ലക്ഷത്തില്‍ നിന്നു മൂന്ന് രൂപ മാത്രം എടുത്ത് ബാക്കി തുകയാണ് ഡല്‍ഹിയില്‍ വെച്ചു തന്നെ ജുനൈദിന്റെ മാതാവിന് കെ പി രാമനുണ്ണി നല്‍കിയത്.

മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആള്‍ എന്ന കാരണത്താല്‍ ക്രൂരമായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനുള്ള ഒരു യഥാര്‍ത്ഥ ഹിന്ദു പാരമ്പര്യത്തില്‍ നിന്നുള്ള ആളുടെ നഷ്ടപരിഹാരമാണിതെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു കൈമാറ്റം. സമകാലിക ഇന്ത്യന്‍ നവവ്യവസ്ഥക്കെതിരേ താത്വികമായ ഒരു കാഴ്ചപ്പാടാണ് തന്നെ അവാര്‍ഡിന് അര്‍ഹമാക്കിയ ‘ദൈവത്തിന്റെ പുസ്തകം’ എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് രാമനുണ്ണി പറഞ്ഞു.
മതങ്ങളെ സ്‌നേഹത്തിന്റെ പ്രതീകങ്ങളായാണ് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്. പുസ്തകത്തില്‍ ശ്രീകൃഷ്ണനെ നബി ഇക്ക എന്നും നബിയെ കൃഷ്ണന്‍ മുത്തേ എന്നും സ്‌നേഹത്തോടെ വിളിക്കുന്നുണ്ട്.

ഈ രണ്ട് വ്യക്തികളുടെയും ജീവിതത്തിന്റെ ആഴത്തിലേക്കു പോവുന്ന അനുയായികള്‍ക്ക് ഒരിക്കലും കലഹചിന്ത ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഡല്‍ഹിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാമനുണ്ണി അടക്കം 24 പേര്‍ അക്കാദമി അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാറില്‍ നിന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.