Connect with us

Gulf

വേണം യു എ ഇക്ക് ഇന്ത്യക്കാരെ, വിനോദസഞ്ചാര മേഖലയുടെ ഉയര്‍ച്ചക്ക്

Published

|

Last Updated

ഇന്ത്യയില്‍ യു എ ഇ സാമ്പത്തികകാര്യ മന്ത്രാലയം സംഘടിപ്പിച്ച
റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ ഉന്നതതല പ്രതിനിധിസംഘം

ദുബൈ: യു എ ഇയിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ യു എ ഇ സാമ്പത്തികകാര്യ മന്ത്രാലയം “വിസിറ്റ് യു എ ഇ” എന്ന പേരില്‍ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ വിനോദസഞ്ചാര വകുപ്പുകളുമായി ചേര്‍ന്നാണ് മന്ത്രാലയം റോഡ് ഷോ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിനോദസഞ്ചാര മേഖലയിലെ ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യോമയാന കമ്പനികള്‍, ഹോട്ടല്‍ കമ്പനികള്‍ തുടങ്ങിയവരും ഷോയില്‍ പങ്കാളികളായി.

ബെംഗളൂരുവില്‍ നിന്നാരംഭിച്ച ഷോ അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലും സംഘടിപ്പിച്ചു.
യു എ ഇ ഭരണാധികാരികള്‍ വിനോദസഞ്ചാര മേഖലയെ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ മന്ത്രാലയം വിനോദസഞ്ചാര മേഖലാ ഉപദേഷ്ടാവ് മുഹമ്മദ് ഖാസിം അല്‍ മെഹ്‌രി പറഞ്ഞു. വൈവിധ്യ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് വിനോദസഞ്ചാര മേഖല. ലോകത്തിലെ മികച്ച സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമാക്കി നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കുക എന്നത് യു എ ഇ വിഷന്‍-2021ന്റെ ഭാഗമാണ്.

ഇന്ത്യ തങ്ങളുടെ പ്രധാന സാമ്പത്തിക പങ്കാളിയും 2016ലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. 2016ല്‍ യു എ ഇയിലേക്കെത്തിയ മൊത്തം വിനോദസഞ്ചാരികളുടെ 10 ശതമാനവും ഇന്ത്യക്കാരായിരുന്നു. 23 ലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരാണ് 2016ല്‍ യു എ ഇയിലെത്തിയത്. ഇത്രയും വലിയ ഇന്ത്യക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത് യു എ ഇയുടെ വിനോദസഞ്ചാരമേഖലയുടെ ഉയര്‍ച്ചക്ക് ഇന്ത്യന്‍ ജനതയുടെ പങ്ക് വലുതാണെന്നാണ്, അല്‍ മെഹ്‌രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം യു എ ഇയിലെ ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 26 ലക്ഷമായിരുന്നു. 12.8 ശതമാനമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്.

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്കൊപ്പം വ്യോമയാന രംഗത്തെ ഉയര്‍ച്ചക്കും ഇന്ത്യക്കാര്‍ നിസ്തുല പങ്കാണ് വഹിക്കുന്നത്. ഓരോ ആഴ്ചയും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 1,065 വിമാനങ്ങളാണ് പറക്കുന്നത്.

 

Latest