Connect with us

Editorial

ഫലസ്തീനും സന്ദര്‍ശിച്ചു മോദി

Published

|

Last Updated

ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം വാര്‍ത്താ പ്രധാന്യം നേടുകയുണ്ടായി. രാജോചിത സ്വീകരണമാണ് ഫലസ്തീന്‍ സര്‍ക്കാര്‍ മോദിക്ക് നല്‍കിയത്. വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ “ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍” നല്‍കി മോദിയെ രാഷ്ട്രം ആദരിച്ചു. ആശുപത്രി, സ്‌കൂളുകള്‍, ഐ ടി സ്ഥാപനങ്ങള്‍ തുടങ്ങി ആരോഗ്യ വിദ്യാഭ്യാസ, ടെക്‌നോളജി മേഖലകളില്‍ ചില സഹായ വാഗ്ദാനങ്ങള്‍ നല്‍കിയും സമാധാന പ്രക്രിയയിലൂടെ ഫലസ്തീന്‍ ഉടന്‍ സ്വതന്ത്ര രാഷ്ട്രമാകട്ടെ എന്നാശംസ അര്‍പ്പിച്ചുമാണ് മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന സന്ദര്‍ശനത്തിനൊടുവില്‍ പ്രധാനമന്ത്രി മടങ്ങിയത്.
2017 ജൂലൈയില്‍ ഇസ്‌റാഈലും സന്ദര്‍ശിച്ചിരുന്നു നരന്ദ്രമോദി. ഇക്കാലമത്രയും ഇന്ത്യ പുലര്‍ത്തിവന്ന നിലപാടുകള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായിരുന്നു പ്രസ്തുത സന്ദര്‍ശനമെന്നതിനാല്‍ അതേറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങള്‍ക്കിടയാവുകയും ചെയ്തു.

അന്നത്തെ പശ്ചിമേഷ്യാ യാത്രയില്‍ ഫലസ്തീനെ ഒഴിവാക്കിയത് രാജ്യത്തിനകത്തും പുറത്തും കടുത്ത വിമര്‍ശങ്ങള്‍ക്കിട വരുത്തുകയുചെയ്തു. രാഷ്ട്രത്തലവന്മാരെല്ലാം പശ്ചിമേഷ്യാ സന്ദര്‍ശനത്തില്‍ ഇസ്‌റാഈലിനോടൊപ്പം ഫലസ്തീനും സന്ദര്‍ശിക്കുകയാണ് പതിവ്. കടുത്ത ഫാസിസ്റ്റും മുസ്‌ലിം വിരുദ്ധനുമായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും തന്റെ പശ്ചിമേഷ്യ സന്ദര്‍ശന വേളയില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി ജെ പി നേതാക്കളായ ജസ്വന്ത് സിംഗ് 2000ലും സുഷമാ സ്വരാജ് 2016ലും മേഖല സന്ദര്‍ശിച്ചപ്പോഴും ഫലസ്തീനെ ഒഴിവാക്കിയില്ല. മോദിയുടെ ഭിന്നമായ നിലപാട് ആഗോള സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടം പരിഹരിക്കാനാണ് ഇപ്പോഴത്തെ ഫലസ്തീന്‍ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഇസ്‌റാഈലിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നത് അറബ് ലോകത്ത് കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളെക്കുറിച്ചു ന്യൂയോര്‍ക്ക് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മേരി മഗ്വാന്‍ ഡേവിസ് അധ്യക്ഷയായ അന്വേഷണ സമിതി തയാറാക്കിയ യു എന്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് അയക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ എട്ട് യൂറോപ്യന്‍ അംഗങ്ങളടക്കം 41 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോഴാണ് ഇക്കാലമത്രയും ഫലസ്തീനികളോടൊപ്പം നിന്ന ഇന്ത്യവിട്ടുനിന്നത്.

അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം വൈകാരിക പ്രശ്‌നമാണ് ഫലസ്തീനെന്നതിനാല്‍ ഇന്ത്യയുടെ നിടപാടിനെ അറബ് മാധ്യമങ്ങള്‍ ആശങ്കയോടെയാണ് വിലയിരുത്തിയത്. മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനത്തില്‍ ഈയൊരു പശ്ചാത്തലവും വായിച്ചെടുക്കാകുന്നതാണ്. ഇങ്ങനെ ചില വ്യക്തിപരമായ താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോ പ്രാധാന്യമോ രാഷ്ട്രീയ നിരീക്ഷകര്‍ ഇതിന് കല്‍പിക്കുന്നില്ല.
ഫലസ്തീനില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കുക വഴി തന്റെ സന്ദര്‍ശനം ഇസ്‌റാഈലില്‍ നീരസങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഫലസ്തീന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ലോകം കാതോര്‍ത്തിരുന്നത്, ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കാനുള്ള ട്രംപിന്റെ തീരുമാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണമായിരുന്നു. ആദ്യകാലം തൊട്ടെ ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തിവന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കും യോജിക്കുന്നതല്ല ട്രംപിന്റെ പ്രഖ്യാപനം. ഇസ്‌ലാമിക ചരിത്രവുമായാണ് ജറൂസലമിന് എല്ലാ നിലയിലും ബന്ധം. ഇസ്‌ലാമിന്റെ ആദരണീയരായ പ്രവാചക മഹത്തുക്കളുടെ ചരിത്ര ശേഷിപ്പുകളും സ്മരണകളുമാണ് ജറൂസലമിന് സവിശേഷതകളും ചരിത്രപ്രാധാന്യവും നേടിക്കൊടുത്തത്. ഈസാ നബിക്കും ഈ പ്രദേശവുമായി ബന്ധമുണ്ടെന്നതിനാല്‍ ക്രിസ്തീയ വിഭാഗവും പുണ്യം കല്‍പിക്കുന്നുണ്ട്. ജുതര്‍ക്ക് പ്രദേശവുമായി ചരിത്രപരമായ ബന്ധമില്ല. ഈ സാഹചര്യത്തില്‍ എക്കാലവും നീതിയുടെ ഭാഗത്ത് നില്‍ക്കാറുള്ള ഇന്ത്യ ട്രംപിന്റെ തീരുമാനത്തെ അവജ്ഞയോടെ തള്ളിക്കളയേണ്ടതായിരുന്നു. പകരം ഫലസ്തീനിലെത്തിയ മോദി ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുകയായിരുന്നു. ഫലസ്തീന്റെ താത്പര്യമോ ഇന്ത്യയുടെ മാതൃകാപരമായ നയത്തോടുള്ള പ്രതിബദ്ധതയോ അല്ല, അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് അദ്ദേഹം പ്രധാന്യം കല്‍പിച്ചത്.

മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം തങ്ങള്‍ അത്ര കാര്യമായി എടുക്കുന്നില്ലെന്ന ഇസ്‌റാഈല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കെ, തന്റെ യാത്രയുടെയും ചര്‍ച്ചകളുടെയും പ്രഖ്യാപനങ്ങളുടെയും സ്വഭാവം മോദി ഇസ്‌റാഈലിനെ നേരത്തെ ധരിപ്പിച്ചിരിക്കാമെന്നു സന്ദേഹിക്കുന്നവരുമുണ്ട്. ഫലസ്തീനില്‍ മോദിയുടെ സുരക്ഷക്ക് അകമ്പടി സേവിച്ചിരുന്നത് ഇസ്‌റാഈല്‍ വ്യോമസേനയായിരുന്നുവല്ലോ.

വിദേശ സന്ദര്‍ശനത്തില്‍ ഒരു റിക്കാര്‍ഡ് കാത്തിരിക്കുന്നുണ്ട് മോദി. ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ഭരണാധികാരി എന്ന ഖ്യാതി. അക്കൂട്ടത്തില്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി എന്ന പ്രശസ്തിയും. ഇത്രയേ ഈ സന്ദര്‍ശനത്തെ കാണേണ്ടതും വിലയിരുത്തേണ്ടതുമുള്ളൂ. ഖ്യാതിയാണല്ലോ പരമപ്രധാനം.