വീണ്ടും ആകാശദുരന്തം; റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു

Posted on: February 11, 2018 6:33 pm | Last updated: February 12, 2018 at 10:08 am

മോസ്‌കോ: റഷ്യന്‍ യാത്രാ വിമാനം മോസ്‌കോയില്‍ തകര്‍ന്നു വീണു. 65 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 71 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാറാത്തോവ് എയര്‍ലൈന്‍സിന്റെ എഎന്‍-148 വിമാനമാണ് തകര്‍ന്നുവീണത്. ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.

 

ദോമോദെഡോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവെ റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നു വീണത്. മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് വിമാനം തകര്‍ന്നുവീണത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്.

നൂറ്റി അന്‍പതിലേറെ രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലത്തേക്കു നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത മഞ്ഞ് കാരണം റോഡുമാര്‍ഗം ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടില്ല.