രജനിയുടേത് കാവി രാഷ്ട്രീയമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിനില്ല: കമല്‍ഹാസന്‍

Posted on: February 11, 2018 2:54 pm | Last updated: February 11, 2018 at 7:24 pm

കേംബ്രിജ്; രജനീകാന്ത് പിന്തുടരാന്‍ ആഗ്രഹിക്കുന്നത് കാവി രാഷ്ട്രീയമാണെങ്കില്‍ അദ്ദേഹവുമായി യാതൊരു സഖ്യത്തിനും തയാറാകില്ലന്ന് കമല്‍ഹാസന്‍. തന്റേതു കാവിരാഷ്ട്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം സാധ്യതയിലുണ്ടായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും നയങ്ങളും ആശയങ്ങളും ഒത്തുചേര്‍ന്നു പോയാല്‍ മാത്രമേ ഇതു സാധ്യമാകൂ. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഹാവാര്‍ഡ് സര്‍വകലാശാലയിലെ വാര്‍ഷിക ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അതു ജനങ്ങളുടെ തീരുമാനമാണ്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തു തുടരാന്‍ തന്നെയാണു തീരുമാനം. ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും രാഷ്ട്രീയക്കാര്‍ക്കൊപ്പം നില്‍ക്കാനല്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേജ്‌രിവാളിന്റെ മാത്രമല്ല എല്ലാവരുടെയും ഉപദേശം സ്വീകരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.