Connect with us

Wayanad

കുതിരവാലി കുരുമുളക് കണ്ടെത്തി

Published

|

Last Updated

കല്‍പ്പറ്റ: കൃഷിയിടത്തില്‍ നിന്നും അപ്രത്യഷമായെന്ന് കരുതിയ അപൂര്‍വയിനം കുരുമുളക് വയനാട്ടില്‍ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയും ഉല്പാദനക്ഷമതയും കൂടുതലുള്ള കുതിര വാലി എന്ന ഇനമാണ് മാനന്തവാടിക്കടുത്ത് ആദിവാസി തറവാടുകളില്‍ കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും കരുതിയിരുന്ന കുതിര വാലിയുടെ ഒരു ചുവട് കുരുമുളക് ചെടി എടമുണ്ട കുറിച്യ തറവാട്ടിലും നാലെണ്ണം എടത്തന തറവാട്ടിലുമാണ് കണ്ടെത്തിയത്.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന നാടന്‍ കുരുമുളക് ഇനങ്ങളുടെ സംരംക്ഷണ പദ്ധതിയുടെ ഭാഗമായി ബോട്ടണിസ്റ്റ് കെ.എം. ബിജു നടത്തിയ കൃഷിസ്ഥല പരിശോധനയിലാണ് കുതിര വാലിയെ കുറിച്ചറിഞ്ഞത്.

വൃക്ഷായുര്‍വേദവുമായി ബന്ധപ്പെട്ടാണ് ബിജു ഗവേഷണം നടത്തി വരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ഇനം കുരുമുളക് വള്ളികള്‍ തോട്ടത്തില്‍ ധാരാളമുണ്ടായിരുന്നുവെന്നും ഇതിന്റെ പേര് കുതിരവാലിയാണന്ന് ഇതുവരെ അറിവില്ലായിരുന്നുവെന്നും പേരറിയാത്ത അനവധി നാടന്‍ ഇനങ്ങള്‍ എടത്തന പോലുള്ള കുറിച്യ തറവാടുകളിലുണ്ടെന്നും കാരണവരായ ചന്തു പറഞ്ഞു.

ബാലന്‍ കോട്ട, അറക്കലമുണ്ടി, ഐമ്പിരിയന്‍, കരിങ്കോട്ട തുടങ്ങി പതിനഞ്ചോളം നാടന്‍ കുരുമുളക് ഇനങ്ങളെ തങ്ങള്‍ സംരക്ഷിച്ചു പോരുന്നുണ്ടന്നും ചന്തു പറഞ്ഞു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ഓലിയോ റൈസിന്‍, പെപ്പറിന്‍ എന്നീ സംയുക്തങ്ങള്‍ നാടന്‍ ഇനങ്ങളില്‍ കൂടുതലായിരിക്കുമെന്നും ഇവ രണ്ടും ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുതിര വാലിക്ക് സവിശേഷതയുണ്ടന്ന് ഗവേഷകനായ ബോട്ടണിസ്റ്റ് ബിജു പറഞ്ഞു. വയനാട്ടിലെ കുരുമുളക് പ്രതീക്ഷ നല്‍കുന്ന തരത്തില്‍ എഴുപതോളം ഇനങ്ങളെ വയനാട് ജില്ലയുടെ ആദിവാസി മേഖലകളില്‍ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നൂറിലധികം നാടന്‍ ഇനങ്ങള്‍ മാത്രം വയനാട്ടിലുണ്ടായിരുന്നു.

ചെടികള്‍ക്ക് ആയുസ് കുടുതലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുന്നതും രോഗപ്രതിരോധ ശേഷി ഉയര്‍ന്നതും തുടങ്ങി വിവിധ പ്രത്യേകതകളാണ് നാടന്‍ ഇനങ്ങള്‍ക്ക് ഉള്ളത്. നാടന്‍ ഇനങ്ങളുടെ ജീന്‍ പൂള്‍ സംരംക്ഷിക്കപ്പെടുന്നതോടുകൂടി ഭാവിയില്‍ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

വനത്തോട് ചേര്‍ന്ന കൃഷിയിടങ്ങളിലും ആദിവാസി വിഭാഗക്കാരുടെ തോട്ട ങ്ങളിലും അപൂര്‍വ്വയിനങ്ങളില്‍പ്പെട്ട കുരുമുളകു ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതിനും നിയതമായ പേരുകള്‍ ഇല്ലാത്തതിനാല്‍ വന്യ ഇനം എന്ന ഒറ്റ പേരിലാണ് ഇവ അറിയപ്പെടുന്നത്.ഇവ കൂടാതെ ചൊമന്ന നാമ്പന്‍, നാരായം , കാണിയക്കാടന്‍ ,കരി ന്തൊലി, നീല മുണ്ടി തുടങ്ങി ഇരുപതിലധികം കുരുമുളക് വള്ളികള്‍ വംശനാശ ഭീഷണിയിലാണ്. ചെടി നട്ടാല്‍ അറുപത് വര്‍ഷത്തിലധികം വരെ കാലം കേട് വരാത്തതിനാല്‍ ആദായം ലഭിക്കുമെന്നതാണ് നാടന്‍ ഇനങ്ങളുടെ ഒരു പ്രത്യേകത.