കനയ്യക്കെതിരായ ദേശവിരുദ്ധ ആരോപണം: കുറ്റം തെളിയിക്കാനാകാതെ ഡല്‍ഹി പോലീസ്

Posted on: February 11, 2018 12:12 am | Last updated: February 11, 2018 at 12:31 pm

ന്യൂഡല്‍ഹി: ജെ എന്‍ യു ക്യാമ്പസില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ രണ്ട് വര്‍ഷം തികഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം തെളിയിക്കാനോ കഴിയാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി പോലീസും.

2016 ഫെബ്രുവരി 9ന് ജെ എന്‍ യു ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായി അന്വേഷണം നടത്തി വിദ്യാര്‍ഥികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ കൃത്യമായ കുറ്റപത്രം പോലും പോലീസ് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളിലെയും ലാപ്‌ടോപുകളിലെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേസില്‍ കശ്മീരില്‍ നിന്നുള്ള എട്ട് പേര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ ജെ എന്‍ യു വിലെ സമരത്തില്‍ മുന്‍ നിരയിലുണ്ടാകുന്ന മറ്റു വിദ്യാര്‍ഥികളെ കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നു.
കേസില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടും ഡല്‍ഹി ഹൈക്കോടതി കനയ്യകുമാര്‍ ഉള്‍പ്പെടയുള്ള വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.