Connect with us

Kannur

ബാബ്‌റി കേസ് വെറും ഭൂമി തര്‍ക്കമല്ല: കാന്തപുരം

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രൊഫ്‌സമ്മിറ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ബാബ്‌റി കേസ് കേവലം ഭൂമി തര്‍ക്കമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബ്‌റി മസ്ജിദില്‍ മുസ്‌ലിംകള്‍ പതിറ്റാണ്ടുകളോളം ആരാധനകള്‍ നിര്‍വഹിച്ചിരുന്നുവെന്നും രാഷ്ട്രമൂല്യങ്ങളെ വെല്ലുവിളിച്ച് ഒരു സംഘം ആളുകള്‍ അത് തകര്‍ത്തതാണെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ അത് കേവലം ഭൂമിയെ ചൊല്ലിയുള്ള അവകാശ തര്‍ക്കം മാത്രമായി ഭരണ സംവിധാനങ്ങള്‍ പരിഗണിക്കുന്നത് രാഷ്ട്രത്തിന്റെ ചരിത്രത്തോടും പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കാന്തപുരം പറഞ്ഞു.

രാജ്യത്തെ ഇത്തിക്കണ്ണികളാണ് തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നവര്‍. ഭീകരവാദത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിച്ച ശേഷം ഇപ്പോള്‍ ഭീകരവാദത്തിനെതിരെ ക്യാമ്പയിന്‍ നടത്തി കൈകഴുകാനാണ് സലഫികളുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.
ബഹുസ്വര സമൂഹത്തിലെ ജീവിതം ശാന്തമായിരിക്കണം. ഇതിന് അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള പാരമ്പര്യ ഇസ്‌ലാം മാത്രമാണ് പോംവഴി. എല്ലാതരം വിജ്ഞാനങ്ങളെയും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പഠിക്കുന്നവരുടെ മനസ്സിലിരിപ്പിനനുസരിച്ച് ഇസ്‌ലാമിക ദൃഷ്ടിയില്‍ ഗുണവും കിട്ടും. ശാസ്ത്രം പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് പിറകെയാണ്. ഓരോ കണ്ടുപിടിത്തങ്ങളും കൊണ്ടെത്തുന്നത് ഖുര്‍ആനിക വചനങ്ങളുടെ ശരിയിലേക്കാണ്. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രലോകത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാന്തപുരം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ടി വി രാജേഷ് എം എല്‍ എ, എസ് എസ് എ ഖാദര്‍ ഹാജി, ഡോ. ശാഹുല്‍ ഹമീദ്, കെ അബ്ദുര്‍റശീദ് നരിക്കോട്, മുഹമ്മദ് ശാഫി വള്ളക്കടവ് പ്രസംഗിച്ചു.

പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Latest