ഗാര്‍ഹിക പീഡനം; ട്രംപിന്റെ രണ്ടാം സഹായിയും രാജിവെച്ചു

Posted on: February 11, 2018 8:00 am | Last updated: February 10, 2018 at 11:48 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗമെഴുത്തുകാരനും പിന്നീട് വൈറ്റ്ഹൗസിലെ രണ്ടാമത്തെ സഹായിയുമായി മാറിയ ഡേവിഡ് സോറെന്‍സെന്‍ ഗാര്‍ഹിക പീഡന ആരോപണത്തെത്തുടര്‍ന്ന് തത്സ്ഥാനം രാജിവെച്ചു. സോറെന്‍സന്റെ മുന്‍ ഭാര്യയാണ് ആരോപണമുന്നയിച്ചത്. സോറെന്‍സന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

സോറെന്‍സന്‍ വിവാഹ ശേഷം തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് മുന്‍ ഭാര്യ ജെസിക്ക കോര്‍ബെറ്റ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. സോറെന്‍സന്‍ പലപ്പോഴായി തന്റെ കാലിലേക്ക് കാറ് കയറ്റിയെന്നും ചുമരിലേക്ക് എടുത്തെറിഞ്ഞുവെന്നും കൈക്ക് സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്നും ജെസിക്ക ആരോപിച്ചു. അതേസമയം ജീവിതത്തിലൊരിക്കലും ഒരു സ്ത്രീയേയും ശാരീരികമായി അക്രമിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സോറെന്‍സന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരോപണം സംബന്ധിച്ച് നിയമനടപടികള്‍ ആലോചിക്കുമെന്നും വൈറ്റ്ഹൗസിന് ആരോപണം സംബന്ധിച്ച് അസ്വസ്ഥതയുണ്ടാകുമെന്നതിനാലാണ് രാജിവെച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപിന്റെ മറ്റൊരു സഹായിയായ റോബ് പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിറകെയാണ് സോറെന്‍സന്റെ രാജി. റോബ് പോര്‍ട്ടര്‍ക്കെതിരെ ഇദ്ദേഹത്തിന്റെ രണ്ട് മുന്‍ ഭാര്യമാര്‍ പീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു രാജി. എന്നാല്‍ ആരോപണം പോര്‍ട്ടര്‍ നിഷേധിച്ചിരുന്നു.