കനത്ത പുകമഞ്ഞ്; നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

Posted on: February 9, 2018 9:08 pm | Last updated: February 9, 2018 at 9:08 pm

ദുബൈ: കനത്ത പുകമഞ്ഞിനെതുടര്‍ന്ന് രാജ്യത്തേക്ക് വരുന്നതും തിരിച്ചു പോകുന്നതുമായ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു. രാവിലെ എട്ടിന് ശേഷം ദുബൈ വിമാനത്താവളത്തില്‍ നിന്നും തിരിച്ചുള്ളതുമായ 50 ഓളം സര്‍വീസുകളാണ് കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വൈകിയത്.

പ്രമുഖ വൈമാനിക ഗതാഗത നിരീക്ഷണ വെബ് സൈറ്റായ ഫ്‌ലൈറ്റ് ട്രാക്കറില്‍ വൈകിയ വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 30 ഓളം സര്‍വീസുകളാണ് വൈകിയത്.

യൂറോപ്, അമേരിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍, മധ്യ പൗരസ്ത്യ ദേശത്തെ ഇതര രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസുകള്‍ വൈകിയത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന നിരവധി സര്‍വീസുകളും റദ്ദ് ചെയ്തവയില്‍ ഉള്‍പെടും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 30 ഓളം സര്‍വീസുകളാണ് രാവിലെ ഏഴ് മുതല്‍ 9.20 വരെയുള്ള സമയത്ത് റദ്ദ് ചെയ്തത്. രാവിലെ അഞ്ചു മുതല്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിവിധ സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയോ റദ്ദ് ചെയ്യുകയോ ചെയ്തിരുന്നു.