Connect with us

Ongoing News

ജയം കൈവിട്ടു രണ്ടു തവണ !

Published

|

Last Updated

ആദ്യ സമനില ഗോള്‍ നേടിയപ്പോള്‍ എടികെ താരങ്ങളുടെ ആഹ്ലാദം

കൊല്‍ക്കത്ത: ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ദിമിറ്റര്‍ ബെര്‍ബറ്റോവ് ഐ എസ് എല്ലില്‍ ആദ്യമായി സ്‌കോര്‍ ചെയ്തപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെക്കെതിരെ വിജയം മണത്തു. പക്ഷേ, അവസരോചിതമായി പ്രതിരോധ ഗെയിം പയറ്റുന്നതില്‍ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി (2-2).

രണ്ട് തവണ ലീഡെടുത്ത ശേഷം സമനിലയിലേക്ക് വഴുതിയ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് ഫോറില്‍ കയറിക്കൂടാനുള്ള സാധ്യതക്ക് മങ്ങലേറ്റു. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
മൂന്ന് കളികള്‍ മാത്രമാണ് മഞ്ഞപ്പടക്ക് ശേഷിക്കുന്നത്. തൊട്ടു മുകളിലുള്ള ചെന്നൈക്കും ജംഷഡ്പുര്‍ എഫ് സിക്കും യഥാക്രമം അഞ്ചും നാലും മത്സരങ്ങള്‍ അവശേഷിക്കുന്നു. എടികെക്ക് തുടര്‍ തോല്‍വികളില്‍ നിന്ന് മുക്തി നേടാനായത് ആശ്വാസമാണ്. പകരക്കാരന്‍ കോച്ച് ആഷ്‌ലി വെസ്റ്റ്വുഡിന് കീഴില്‍ എടികെ ആദ്യ പോയിന്റ് കരസ്ഥമാക്കി. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എടികെ 13 പോയിന്റുമായി എട്ടാം സ്ഥാനത്ത്. പരമാവധി പന്ത്രണ്ട് പോയിന്റുകള്‍ മാത്രമേ എടികെക്ക് ഇനി നേടാന്‍ സാധിക്കൂ. ടോപ് ഫോറിലേക്കുള്ളസാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു.

തുടക്കം മുതല്‍ ആവേശം നിറഞ്ഞു നിന്നു. വിജയിക്കാന്‍ വേണ്ടിയാണ് കൊല്‍ക്കത്തയിലെത്തിയത് എന്ന് പ്രഖ്യാപിക്കും വിധം മുപ്പത്തിമൂന്നാം മിനുട്ടില്‍ ഗുഡ്‌ജോണ്‍ ബാല്‍വിന്‍സനിലൂടെ ലീഡെടുത്തു. എന്നാല്‍, അഞ്ച് മിനുട്ടിനുള്ളില്‍ റയാന്‍ ടെയ്‌ലറിലൂടെ എടികെ തിരിച്ചടിച്ചു.
രണ്ടാം പകുതിയിലും ആവേശത്തിന് കുറവില്ലായിരുന്നു. ദിമിറ്റര്‍ ബെര്‍ബറ്റോവിന്റെ ഹാഫ് വോളി എടികെ ഗോളിയെ കാഴ്ചക്കാരനാക്കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് ലീഡെടുത്തു.
മത്സരം കേരള ടീമിന്റെ വരുതിയിലായ നിമിഷങ്ങള്‍. തുടരെ കൊല്‍ക്കത്തന്‍ ഗോള്‍മുഖം ആക്രമിക്കാനുള്ള ഊര്‍ജമായി ഈഗോള്‍. എന്നാല്‍, ആവേശം മൂത്തതും തിരിച്ചടിയായി.
പ്രതിരോധ നിരക്ക് തുടരെ പാളിച്ച സംഭവിച്ചു. എഴുപത്തഞ്ചാം മിനുട്ടില്‍ ടോം തോര്‍ഫ് അവസരം മുതലെടുത്തു. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം റദ്ദാക്കി (2-2).

 

Latest