പച്ചക്കറി വില താഴോട്ട്

Posted on: February 8, 2018 11:53 pm | Last updated: February 8, 2018 at 11:53 pm

പാലക്കാട്: നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റും വില കുതിച്ചുയരുന്നതിനിടെ മലയാളികള്‍ക്ക് ആശ്വാസമായി പച്ചക്കറി വില കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറിയില്‍ പ്രധാ ന ഇനങ്ങളുടെ വില താഴോട്ടാണ്. തമിഴ്‌നാട്ടില്‍ ഉത്പാദനം കൂടിയതാണ് വിലക്കുറവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ജില്ലയിലെ പ്രധാന കമ്പോളമായ വലിയങ്ങാടി ഉള്‍പ്പെടെയുള്ള എല്ലാ കടകളിലും പച്ചക്കറിക്ക് വലിയ വിലക്കുറവാണ്. സംസ്ഥാനത്ത് എല്ലായിടത്തും ഏതാണ്ട് ഇത് പോലെയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനുവരി 25ന് 85 രൂപയുണ്ടായിരുന്ന മുരിങ്ങക്കായക്ക് ഇന്നലെ വില 40 രൂപയാണ്. ഇത്തരത്തില്‍ ഒരോന്നിലും വില കുറഞ്ഞിട്ടുണ്ട്. ചില പച്ചക്കറികള്‍ക്ക് വില കൂടിയിട്ടുമുണ്ട്.
രണ്ടാഴ്ചയോളമായി വിലയില്‍ കാര്യമായ വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ ചില ഹോട്ടലുകള്‍ ഊണിന് വില കുറച്ചു. 50 രൂപയായിരുന്ന ഊണിന് ചില ഹോട്ടലുകള്‍ വില 10 രൂപ കുറച്ച് 40 രൂപയോ വാങ്ങുന്നുള്ളൂ. അതേസമയം, നാളികേരം ഇപ്പോഴും കിട്ടാക്കനിയാണ്.