രാഹുല്‍ എന്റേയും ബോസാണ് : സോണിയ

Posted on: February 8, 2018 12:44 pm | Last updated: February 8, 2018 at 9:37 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റേയും കൂടി ബോസാണെന്ന് മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. രാഹുല്‍ എന്റെ കൂടി നേതാവാണ്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. നിങ്ങള്‍ എന്നോട് കാണിച്ച അതേ ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. എങ്കിലേ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരുകയുള്ളൂ. ബിജെപിയുടെ ഭരണം രാജ്യത്ത് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവുമായ ഇന്ത്യയുടെ പാരമ്പര്യമെല്ലാം തകര്‍ന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അടിവരയിടുമെന്നും സോണിയ പറഞ്ഞു.

19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ച സോണിയ കഴിഞ്ഞ ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.