കോഹിലിയുടെ സെഞ്ച്വുറി മികവില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 304

Posted on: February 7, 2018 9:53 pm | Last updated: February 7, 2018 at 9:53 pm

കേപ്ടൗണ്‍: ഉഗ്രന്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. കരിയറിലെ 34ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‌ലിക്കു പുറമെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. ആറാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോഹിലി 304 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഉയര്‍ത്തിയത്.

രോഹിത് ശര്‍മ 0, അജിങ്ക്യ രഹാനെ 13, ഹാര്‍ദിക് പാണ്ഡ്യ 15, എം.എസ്. ധോണി 22, കേദാര്‍ ജാദവ് 1 എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ 19 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, ഫെലൂക്‌വായോ, മോറിസ്, താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.