മോഡിയുടെ സന്ദര്‍ശനം: ഇന്ത്യയും യു എ ഇയും പന്ത്രണ്ട് കരാറുകളില്‍ ഒപ്പിടും

Posted on: February 7, 2018 10:17 pm | Last updated: February 7, 2018 at 10:17 pm

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച യു എ ഇ യില്‍ എത്തുമ്പോള്‍ യു എ ഇ യും ഇന്ത്യയും തമ്മില്‍ കുറഞ്ഞത് പന്ത്രണ്ടു കരാറുകളില്‍ ഒപ്പിടുമെന്ന് യു എ ഇ യുടെ ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് അല്‍ ബന്ന.

വ്യോമഗതാഗതം, ബഹിരാകാശ ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുമെന്നും അഹ്മദ് അല്‍ ബന്ന ചൂണ്ടിക്കാട്ടി. ദുബൈയില്‍ നടക്കുന്ന ലോക ഭരണകൂട ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോഡി മുഖ്യാതിഥി ആണ്. അതിനു മുമ്പ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ചര്‍ച്ചാവിഷയമാകും. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, ഐ എസ് ആര്‍ ഒ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗൗരിശങ്കര്‍ എന്നിവര്‍ ശാസ്ത്ര പ്രദര്‍ശനം നടത്തും.

യു എ ഇ സ്‌പേസ് ഏജന്‍സിയും (യു എ ഇ എസ് എ), ഐ എസ് ആര്‍ ഒയും ചേര്‍ന്നു രൂപീകരിച്ച സംയുക്ത പ്രവര്‍ത്തകസമിതി കഴിഞ്ഞ ഡിസംബറില്‍ സമ്മേളിച്ചിരുന്നു. റിമോര്‍ട്ട് സെന്‍സിങ്, സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകള്‍, യു എ ഇ ചൊവ്വാ ദൗത്യം, ഉപഗ്രഹ യാത്രാപഥം തുടങ്ങിയ മേഖലകളിലാണു പരസ്പര സഹകരണത്തിനു സാധ്യതയുള്ളത്.

യു എ ഇ സായുധസേനാ ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2016 ഫെബ്രുവരി 11ന് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഐ എസ് ആര്‍ ഒയും യു എ ഇ സ്‌പേസ് ഏജന്‍സിയും കരാര്‍ ഒപ്പിട്ടത്.

സമാധാന ആവശ്യങ്ങള്‍ക്കായി ബഹിരാകാശ ഗവേഷണ രംഗത്ത് പരസ്പരം സഹകരിക്കുമെന്നായിരുന്നു കരാര്‍.