Connect with us

Gulf

ചെക്ക് മടങ്ങി; ലേലത്തിലൂടെ ഒന്നാം നമ്പര്‍ വാഹന പ്ലേറ്റ് സ്വന്തമാക്കിയയാള്‍ക്ക് മൂന്നു വര്‍ഷം തടവ്‌

Published

|

Last Updated

അബുദാബി: വാഹന നമ്പര്‍ ലേലത്തില്‍ ഒന്നാം നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ സ്വദേശി വ്യവസായിചെക്ക് കേസില്‍ കുടുങ്ങി. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് അബുദാബി അപ്പീല്‍ കോടതി മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.
3.1 കോടി ദിര്‍ഹം വില പറഞ്ഞാണ് ഇയാള്‍ സവിശേഷ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ലേലത്തില്‍ ഇയാള്‍ നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. പണമില്ലാതെ മടങ്ങുന്ന ചെക്ക് നല്‍കി കബളിപ്പിച്ചു, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

നിശ്ചിത തുകയില്ലാത്ത അക്കൗണ്ട് നമ്പറിലാണ് ഇയാള്‍ ചെക്ക് നല്‍കിയത്. ലേലത്തിലൂടെ സ്വന്തമാക്കിയ നമ്പര്‍ പ്ലേറ്റ് കൂടുതല്‍ തുകക്ക് മറിച്ചുവിറ്റ് പണമടക്കുകയും ബാക്കി തുക കൈവശം വെക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയാല്‍ മുഴുവന്‍ പണവുമടക്കാതെ നമ്പര്‍ പ്ലേറ്റ് മറിച്ചുവില്‍ക്കാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. പണമടക്കാതെ നമ്പര്‍ പ്ലേറ്റ് വില്‍പന ഇടപാട് നിയമവിരുദ്ധമാണ്.
അബുദാബി ഭരണകൂട സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2016 നവംബര്‍ 19ന് എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ അബുദാബി പോലീസുമായി ചേര്‍ന്ന് എമിറേറ്റ്‌സ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്.