Connect with us

Gulf

ദുബൈ ടൂറിന് തുടക്കം; കാഴ്ചക്കാരനായി ശൈഖ് മുഹമ്മദും

Published

|

Last Updated

ദുബൈ: ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് ദുബൈ ടൂറിന് തുടക്കം. ദുബൈ സ്‌കൈ ഡൈവില്‍ നിന്ന് ആരംഭിച്ച ഒന്നാംഘട്ട സൈക്കിളോട്ട മത്സരം 167 കിലോമീറ്റര്‍ പിന്നിട്ട് പാം ജുമൈറയില്‍ സമാപിച്ചു. അറ്റ്‌ലാന്റിസ് ഹോട്ടലിന് മുന്‍വശത്തായിരുന്നു ഫിനിഷിംഗ് പോയിന്റ.് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് മത്സരിച്ചത്. ഒന്നാം ഘട്ടത്തില്‍ നെതര്‍ലാന്‍ഡിന്റെ ദിലന്‍ ഗ്രേനീവെജന്‍ ജേതാവായി. മൂന്നു മണിക്കൂറും 51 മിനിറ്റും 25 സെക്കന്‍ഡുമെടുത്താണ് ഡച്ച് താരം ഫിനിഷിംഗ് പോയിന്റിലെത്തിയത്.
സൈക്കിളോട്ടം കാണാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും നീളമേറിയ മരുഭൂമി സൈക്കിള്‍ ട്രാക്കായ അല്‍ മര്‍മൂം നാച്വറല്‍ റിസര്‍വിനടുത്തുകൂടി ടൂര്‍ കടന്നുപോയപ്പോഴാണ് ശൈഖ് മുഹമ്മദ് കാണിയായി എത്തിയത്. മത്സര വിവരങ്ങള്‍ സംഘാടകരുമായി ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു.
ക്യാബിനറ്റ് കാര്യ-ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹാരിബ് എന്നിവര്‍ ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

ദുബൈയിലെ പ്രധാന നിരത്തായ ശൈഖ് സായിദ് റോഡില്‍ 2.22 മുതല്‍ 2.39 വരെയാണ് ഗതാഗതം തടസപ്പെട്ടത്. ഈ സമയം യാത്രക്കാര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകള്‍ വഴി സഞ്ചരിച്ചു. വാഹന ഗതാഗത തത്സമയ വിവരങ്ങള്‍ ആര്‍ ടി എ-പോലീസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത് യാത്രക്കാര്‍ക്ക് ഗുണകരമായി. ഓരോ റോഡുകളിലും 10 മിനിറ്റാണ് ഗതാഗതം തടസപ്പെടുക. തത്സമയ വിവരങ്ങള്‍ ദുബൈ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്, ട്വിറ്റര്‍ പേജ്, ആര്‍ ടി എ ട്വിറ്റര്‍ പേജ്, ദുബൈ ടൂര്‍ എന്നീ ട്വിറ്റര്‍ പേജുകളില്‍ ലഭ്യമായിരിക്കും.
രണ്ടാംഘട്ടമായ ഇന്ന് 190 കിലോമീറ്ററാണ് സഞ്ചരിക്കുക. സ്‌കൈ ഡൈവില്‍ നിന്ന് തുടങ്ങി ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലൂടെ സഞ്ചരിച്ച് ഫിനിഷിംഗ് പോയിന്റായ റാസ് അല്‍ ഖൈമയിലെ അല്‍ ഖവാസിംഗ് കോര്‍ണിഷിലെത്തും.
ഈ സമയം റോഡ് ഉപയോക്താക്കള്‍ സമാന്തര റോഡുകളായ അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ മനാമ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവ ഉപയോഗിക്കണം.
നാളെ (വ്യാഴം) മൂന്നാം ഘട്ടം സ്‌കൈ ഡൈവില്‍ നിന്നാരംഭിച്ച് ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ ഖോര്‍ സ്ട്രീറ്റ്, ദുബൈ-അല്‍ ഐന്‍ റോഡ്, അക്കാഡമിക് സിറ്റി സ്ട്രീറ്റ്, അല്‍ അവീര്‍ റോഡ്, ഹത്ത-ഒമാന്‍ റോഡിലൂടെ ഷാര്‍ജയിലേക്കും, ഇവിടെ നിന്ന് തുടര്‍ന്ന് ഫുജൈറയില്‍ സമാപിക്കും.

ഈ സമയം യാത്രക്കാര്‍ ഗതാഗതത്തിനായി അബ്ദുല്ല ഉംറാന്‍ ബിന്‍ തറൈം സ്ട്രീറ്റ്, ഹിസ്സ സ്ട്രീറ്റ്, അല്‍ തനയ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബൈ-അല്‍ ഐന്‍ റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.