ദേശീയ സ്വയം പര്യാപ്തതാ പ്രദര്‍ശനത്തില്‍ താരമാകാന്‍ ബലദ്‌നാ ഫാമും

Posted on: February 6, 2018 10:40 pm | Last updated: February 6, 2018 at 10:40 pm

ദോഹ: പ്രഥമ ഖത്വര്‍ സ്വയം പര്യാപ്തതാ പ്രദര്‍ശനത്തില്‍ ഖത്വരി ഉടമസ്ഥതയിലുള്ള പ്രധാന സ്വകാര്യ ക്ഷീരോത്പാദന സ്ഥാപനമായ ബലദ്‌ന പങ്കെടുക്കും. രാജ്യത്തെ ഭക്ഷ്യമേഖലയിലെ സുപ്രധാന വിതരണക്കാരാണ് ബലദ്‌ന. വൈവിധ്യമാര്‍ന്നതും നൂതനവുമായ സമ്പദ് വ്യവസ്ഥയ്ക്കനുസൃതമായ വിധത്തില്‍ ശോഭനമായൊരു ഭാവി കെട്ടിപ്പെടുക്കുന്നതിനായി ഖത്വര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശുന്നതാണ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കുന്ന പ്രഥമ സ്വയംപര്യാപ്തതാ പ്രദര്‍ശനം.

100 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് മേളയില്‍ ബലദ്‌ന പവലിയന്‍ സജ്ജമാക്കുക. കമ്പനിയുടെ ക്ഷീരോത്പന്നങ്ങള്‍ക്കു പുറമെ മറ്റു ഭക്ഷ്യോത്പന്നങ്ങളും പവലിയനില്‍ അവതരിപ്പിക്കും. നേരത്തെ മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിലും ബലദ്‌ന പങ്കെടുത്തിരുന്നു. സ്വയംപര്യാപ്തതാ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഖത്വറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിലും ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളിലും സുപ്രധാന പങ്ക് വഹിക്കുന്നതായിരിക്കും പ്രദര്‍ശനമെന്നും ബലദ്ന ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പീറ്റര്‍ വെല്‍റ്റ്വെര്‍ഡന്‍ പറഞ്ഞു. 2016ന്റെ അവസാനം പുതിയ സംരംഭം സ്ഥാപിതമായതുമുതല്‍ വന്‍വികസനപ്രവര്‍ത്തനങ്ങളാണ് ബലദ്ന നടത്തുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രാദേശിക കമ്പനിയായ പവര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിംഗിന്റെ ഉപകമ്പനിയാണ് ബലദ്ന.

ബലദ്നയുടെ അല്‍ഖോറിലെ ഫാമില്‍ ഏഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പശുക്കള്‍ക്കായി പ്രത്യേകം ഫാം നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തെ ക്ഷീരോത്പന്നങ്ങളുടെ ആവശ്യകതയില്‍ നല്ലൊരു ശതമാനവും നിറവേറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫാം. ഏപ്രിലോടെ ഖത്വറിന്റെ ക്ഷീരോത്പന്ന മേഖലയിലെ ആവശ്യകത പൂര്‍ണമായും നിറവേറ്റാന്‍ സഹായകമായ വിധത്തിലുള്ള പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. 2018 ഏപ്രില്‍ അവസാനമാകുമ്പോഴേക്കും ക്ഷീരോത്പന്നങ്ങളില്‍ ഖത്വര്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുമെന്ന് ബലദ്‌ന ഫാം അധികൃതര്‍ വ്യക്തമാക്കുന്നു. ഉപരോധത്തിനുശേഷം വിവിധ രാജ്യങ്ങളില്‍നിന്നായി 4000 പശുക്കളെ ഖത്വറിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. പ്രതിദിന പാലുത്പാദനത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. വരുംഘട്ടങ്ങളിലായി കൂടുതല്‍ പശുക്കളെക്കൂടി ഇറക്കുമതി ചെയ്യാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രമുഖ പ്രാദേശിക കമ്പനികളുടെ സാന്നിധ്യമാണ് പ്രഥമ സ്വയം പര്യാപ്തതാ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. ബലദ്നക്കു പുറമെ ഹസാദ് ഫുഡ്, വിദാം ഫുഡ് തുടങ്ങിയവ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രാദേശിക കമ്പനികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകരായ ഹിസ്‌കി ഫോര്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അറിയിച്ചു.