അസ്‌ലം വധക്കേസ്: പ്രതി സുമോഹന്‍ കീഴടങ്ങി

Posted on: February 5, 2018 9:51 pm | Last updated: February 5, 2018 at 9:51 pm

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്ലമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുമോഹന്‍ പോലീസില്‍ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വളയം സ്വദേശിയായ സുമോഹന്‍ കഴിഞ്ഞ ദിവസം തന്റെ പുതിയ വീടിന്റെ പ്രവേശന കര്‍മത്തിന് എത്തിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ആറ് മാസത്തോളമായി ഇയാള്‍ നാട്ടിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

സുമോഹന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

സുമോഹനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അറസ്റ്റ് ചെയ്യാത്തത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപിച്ചിരുന്നു. ഇതിനിടെയാണ് സുമോഹന്റെ കീഴടങ്ങല്‍.

2016ആഗസ്റ്റ് മാസത്തിലായിരുന്നു തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന് കാളിപറമ്പത്ത് അസ്ലം കൊല്ലപ്പെട്ടത്.