Connect with us

International

സ്പിന്‍ വിന്‍

Published

|

Last Updated

 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്ക് മേല്‍ വിരാടും സംഘവും ഇടിത്തീയായി മാറുകയാണോ ? ടെസ്റ്റ് പരമ്പര കൈവിട്ടത് ഏകദിന പരമ്പര നേടിക്കൊണ്ട് പരിഹരിക്കാനുള്ള ഇന്ത്യന്‍ പരിശ്രമം വിജയം കാണുന്നു. രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, 2-0ന് പരമ്പരയില്‍ മുന്നിലെത്തി സന്ദര്‍കര്‍.

ആതിഥേയര്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോഴാണ് രോഹിതിനെ ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍, പിന്നീടങ്ങോട്ട് കോഹ്‌ലിയും ധവാനും ചേര്‍ന്ന് ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുന്നതാണ് കണ്ടത്.
കോഹ്‌ലി 50 പന്തില്‍ 46 റണ്‍സുമായും അര്‍ധസെഞ്ച്വറി കുറിച്ച ധവാന്‍ 56 പന്തില്‍ 51 റണ്‍സും നേടി പുറത്താകാതെ നിന്നു.ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ അമ്പയര്‍മാര്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയെടുത്തതു മാത്രമാണ് മത്സരത്തിലെ ഏക രസംകൊല്ലി. ഉച്ചഭക്ഷണത്തിനു ശേഷം തിരികെയെത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. അതവര്‍ രണ്ടാം പകുതിയുടെ രണ്ടാം ഓവറില്‍ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.
നേരത്തെ, ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118 റണ്‍സിന് ആള്‍ ഔട്ടായി.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റക്കാരന്‍ ഖായ സോണ്ടോ, ജെ പി ഡുമിനി, ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. സോണ്ടോയും ഡുമിനിയും 25 വീതം റണ്‍സെടുത്തപ്പോള്‍ അംല 23ഉം ഡികോക്ക് 20ഉം റണ്‍സെടുത്തു. ഇവര്‍ക്കു പുറമേ ക്രിസ് മോറിസ് (14) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്. ചാഹല്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതപ്പോള്‍ യാദവ് മൂന്ന് പേരെ മടക്കി അയച്ച് നിര്‍ണായക പ്രകടനം പുറത്തെടുത്തു. ശേഷിച്ച രണ്ടു വിക്കറ്റുകള്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും പങ്കിട്ടു.

ചര്‍ച്ചയായി ലഞ്ച് ബ്രേക്ക് !

സെഞ്ചൂറിയന്‍: ഇന്ത്യയുടെ ജയം രണ്ട് റണ്‍സ് അരികെ നില്‍ക്കുമ്പോള്‍ അമ്പയര്‍മാര്‍ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞത് വിമര്‍ശത്തിനിടയാക്കി. ഐ സി സി ചട്ടം പാലിക്കുകയാണ് അമ്പയര്‍മാരായ അലീം ദറും അഡ്രിയാന്‍ ഹോള്‍ഡ്‌സ്‌റ്റോകും ചെയ്തത്. എന്നാല്‍, ഐ സി സി നിയമത്തിന്റെ പേരില്‍ മത്സരത്തിന്റെ ആവേശം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന് കമെന്റേറ്റര്‍മാരും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി മത്സരം നിര്‍ത്തി വെക്കുന്നതിലുള്ള പ്രതിഷേധം അമ്പയര്‍മാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ദക്ഷിണാഫ്രിക്കയുടെ 118 റണ്‍സിനെതിരെ 19 ഓവറില്‍ ഒരു വിക്കറ്റിന് 117 റണ്‍സിലെത്തി നില്‍ക്കുമ്പോഴാണ് അമ്പയര്‍മാര്‍ ലഞ്ച് ബ്രേക്ക് പ്രഖ്യാപിച്ചത്.

എന്നാല്‍, ഐ സി സി ചട്ടപ്രകാരം നാല് ഓവര്‍ മുമ്പെ ലഞ്ച് ബ്രേക്ക് പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നുവെന്ന വിമര്‍ശവും ഉയര്‍ന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 93/1 ആയിരുന്നു സ്‌കോര്‍.
ഈ ഘട്ടത്തില്‍ ലഞ്ച് ബ്രേക്കിന് ശ്രമിക്കാതെ നാല് ഓവര്‍ അധികം എറിയാന്‍ സമയം അമ്പയര്‍മാര്‍ നല്‍കി. എന്നാല്‍,രണ്ട് റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ ബ്രേക്ക് പ്രഖ്യാപിച്ച് വിചിത്ര തീരുമാനവും കൈക്കൊണ്ടു. വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ് തലതിരിഞ്ഞ തീരുമാനം എന്നാണിതിനെ പരിഹസിച്ചത്.

ചാഹലിനും കുല്‍ദീപിനും ക്യാപ്റ്റന്റെ പ്രശംസ

സെഞ്ചൂറിയന്‍: കണങ്കൈ കൊണ്ട് സ്പിന്‍ മാന്ത്രികത പ്രദര്‍ശിപ്പിക്കുന്ന യുവേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും ഏത് പിച്ചിലും ടേണ്‍ കണ്ടെത്താനാകും. സെഞ്ചൂറിയനിലെ പിച്ച് ഡര്‍ബനിലേതിനെക്കാള്‍ കാഠിന്യമേറിയതാണ്. ഇത് സ്പിന്നര്‍മാര്‍ മുതലെടുത്തതോടെ മത്സരം ദക്ഷിണാഫ്രിക്കക്ക് പ്രതികൂലമായി. ചാഹല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയെ 118ന് റണ്‍സിന് പുറത്താക്കാന്‍ സാധിച്ചത് നിര്‍ണായകമായി. ആതിഥേയ ബൗളിംഗ് നിരയെ വെല്ലുവിളിച്ച് ആ സ്‌കോര്‍ മറികടക്കുക പ്രയാസകരമായ ജോലിയാണ്. എന്നാല്‍, രോഹിതും ധവാനും നല്‍കിയ തുടക്കം ബൗളര്‍മാരുടെ ആത്മവിശ്വാസം കെടുത്തി. രോഹിതിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ജാഗ്രതയോടെയാണ് ധവാനും താനും കളിച്ചത്. വിക്കറ്റുകള്‍ നഷ്ടമാകുന്നത് എതിര്‍ടീമിന് പൊരുതാനുള്ള ഊര്‍ജം നല്‍കും. 2-0ന് മുന്നിലെത്തുക എന്നത് ചെറിയ കാര്യമല്ല – വിരാട് പറഞ്ഞു.

 

Latest