ഷാര്‍ജ അഗ്‌നിശമന രക്ഷാ സംഘത്തില്‍ ഇനി വനിതകളും

Posted on: February 3, 2018 9:04 pm | Last updated: February 3, 2018 at 9:04 pm

ഷാര്‍ജ: ഷാര്‍ജയില്‍ അഗ്‌നിശമന സേവനങ്ങള്‍ക്ക് ഇനി വളയിട്ട കൈകളും. രക്ഷാ സംഘത്തില്‍ പുതിയതായി 15 സ്വദേശി വനിതാ അംഗങ്ങളാണ് ഭാഗമാകുക. പുരുഷ രക്ഷാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് വനിതാ അംഗങ്ങള്‍കൂടി ചെയ്യുക. മധ്യ പൗരസ്ത്യ ദേശത്തു ആദ്യമായാണ് അഗ്‌നിശമന രക്ഷാ ദൗത്യ സംഘത്തില്‍ വനിതകള്‍ ഭാഗമാകുന്നത്.

ആറു മാസത്തെ പരിശീലന സമയമാണ് ആദ്യഘട്ടത്തില്‍ വനിതാ അംഗങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ ഉണ്ടാവുക. ഇതില്‍ മൂന്ന് മാസത്തെ മിലിട്ടറി പരിശീലനവും മൂന്ന് മാസത്തെ തൊഴില്‍ ബന്ധിത പരിശീലനവുമാണ് നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് വനിതാ അംഗങ്ങള്‍ തങ്ങള്‍ക്ക് മികച്ച അവസരം നല്‍കിയതിന് കൃതജ്ഞത അറിയിച്ചു.
വനിതാ അംഗങ്ങള്‍ക്ക് ആവശ്യമായ ശാരീരിക ക്ഷമതാ പരിശീലനങ്ങളും നൈപുണ്യ വികസന മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും. തൊഴില്‍ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നത് വരെ വകുപ്പ് പ്രത്യേക പരിശീലന പരിപാടികള്‍ അംഗങ്ങള്‍ക്കായി ഒരുക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഷാര്‍ജാ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു.

200 വനിതകളാണ് ജോലിക്കായി അപേക്ഷ നല്‍കിയത്. പ്രത്യേകമായി നടത്തിയ പരിശോധനാ ഘട്ടങ്ങളിലൂടെയാണ് അവരില്‍ നിന്ന് 15 പേരെ തിരഞ്ഞെടുത്തത്. 18 മുതല്‍ 23 വയസ്സ് വരെ പ്രായ പരിധിയുള്ള അംഗങ്ങള്‍ റാസ് അല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം അറിയിച്ചു.