Connect with us

Kerala

വില 49,900 രൂപ; 'കണ്ണട'ക്കുരുക്കില്‍ സ്പീക്കറും

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് പിന്നാലെ കണ്ണടവിവാദത്തില്‍ കുടുങ്ങി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും. കണ്ണടക്ക് വേണ്ടി സ്പീക്കര്‍ 49,900 രൂപ കൈപ്പറ്റിയതായി നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 45,000രൂപയാണ് ലെന്‍സിന്റെ വില. ഫ്രെയിമിന് വേണ്ടി 4900 രൂപയാണ് ചെലവിട്ടത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കര്‍ നാലേകാല്‍ ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു.

നേരത്തെ, വക്കം പുരുഷോത്തമന്‍ നിയമസഭാ സ്പീക്കറായിരുന്ന സമയത്ത് നിയമസഭാ സാമാജികര്‍ക്കും സ്പീക്കര്‍ക്കും കണ്ണട വാങ്ങുന്നതിന് ഫ്രെയിം ഇനത്തില്‍ 5000 രൂപ മാത്രമേ അനുവദിക്കാവൂ എന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഫ്രെയിമിന്റെ തുക 5000ന് താഴെ ഒതുക്കിയെങ്കിലും ലെന്‍സിന്റെ വിലയാണ് വിവാദത്തിലായത്. നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ കണ്ണടക്കായി വലിയ തുക ചെലവഴിച്ചത് വിവാദമായിരുന്നു.

അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.
ലോംഗ് സൈറ്റും ഷോര്‍ട്ട് സൈറ്റും മൂലം ബുദ്ധിമുട്ടിയ തനിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് താന്‍ വാങ്ങിയത്. ഒരു ടേമില്‍ സ്പീക്കര്‍ക്ക് ഓരോ കണ്ണട വാങ്ങാന്‍ അവകാശമുണ്ട്. കഴിഞ്ഞ ടേമില്‍ വാങ്ങാത്തത് കൊണ്ടാണ് ഇത്തവണ വാങ്ങിയത്. സര്‍ക്കാറില്‍ നിന്ന് പണം കിട്ടിയില്ലെങ്കിലും ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് തനിക്ക് കണ്ണട വാങ്ങിയേ നിര്‍വാഹമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

Latest