ബൊഫോഴ്‌സ്: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം സി ബി ഐ ഹരജി

Posted on: February 3, 2018 9:14 am | Last updated: February 3, 2018 at 10:36 am

ന്യൂഡല്‍ഹി: രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്‌സ് കേസ് റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. 64 കോടിയുടെ അഴിമതി കേസില്‍ യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് കമ്പനിയെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി ചോദ്യം ചെയ്ത് പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് സി ബി ഐ അപ്പീല്‍ നല്‍കിയത്. 2005 മെയ് 31നാണ് ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

കേസില്‍ അപ്പീല്‍ വൈകിയതിനാല്‍ തള്ളിപോകാന്‍ സാധ്യതയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സി ബി ഐക്ക് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍, പുതിയ തെളിവുകള്‍ ഉണ്ടെന്ന് സി ബി ഐ അറിയിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കാന്‍ എ ജി അനുമതി നല്‍കുകയായിരുന്നു.
അറ്റോര്‍ണി ജനറല്‍ നിലപാട് മാറ്റിയെന്നും സി ബി ഐയുടെ അപ്പീലിന് പിന്തുണക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ പുതിയ തെളിവുകളുണ്ടെന്നും അതിനാല്‍ കേസില്‍ വിചാരണ നടത്തണമെന്നുമാണ് സി ബി ഐയുടെ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സി ബി ഐ അപ്പീലില്‍ വ്യക്തമാക്കി. 2005ലെ കോടതി വിധിക്കെതിരെ അജയ്കുമാര്‍ അഗര്‍വാള്‍, രാജ്കുമാര്‍ പാണ്ഡെ എന്നിവര്‍ നല്‍കിയ സ്വകാര്യ ക്രിമിനല്‍ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സി ബി ഐയോടും കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് ഹരജി നല്‍കിയത്.

1986ല്‍ ബൊഫേഴ്‌സ് ഇടപാടുമായി ബന്ധപ്പെട്ട് കമ്പനി പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ഡ്ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 1990ലാണ് സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.