ബി ജെ പി. എം എല്‍ എ അനന്ത്‌സിംഗ് കോണ്‍ഗ്രസില്‍

Posted on: February 1, 2018 9:40 am | Last updated: February 1, 2018 at 9:40 am

ബെംഗളൂരു: മുന്‍മന്ത്രിയും നിലവില്‍ എം എല്‍ എയുമായ ബി ജെ പിയിലെ അനന്ത്‌സിംഗ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുടെ തെറ്റായ നയസമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അദ്ദേഹം എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് സ്പീക്കര്‍ കെ ബി കൊലിവാഡിന് സമര്‍പ്പിച്ചിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുകയും ചെയ്തു. ബി ജെ പി നേതൃത്വവുമായി കഴിഞ്ഞ കുറേ മാസങ്ങളായി അനന്ത്‌സിംഗ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ബെല്ലാരിയിലെ വിജയനഗര മണ്ഡലത്തെയാണ് അനന്ത് സിംഗ് നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്.

ഈ മാസം 10ന് ഹൊസ്‌പേട്ടില്‍ നടക്കുന്ന കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം അനന്ത്‌സിംഗ് ഔദ്യോഗികമായി സ്വീകരിക്കും.