മുംബൈയും ജംഷഡ്പുരും ഇന്ന് മുഖാമുഖം

Posted on: February 1, 2018 9:18 am | Last updated: February 1, 2018 at 9:18 am

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയും അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ് സിയും നിര്‍ണായക പോരിനിറങ്ങുന്നു. പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ട് ടീമുകള്‍ക്കും ഗുണം ചെയ്യില്ല.
മുംബൈ സിറ്റി എഫ് സിക്കെതിരെ എന്തു വില കൊടുത്തും ജയിക്കേണ്ടതുണ്ട്. ഇത് കളിക്കാര്‍ക്ക് ബോധ്യമുണ്ട്. ഏറ്റവും വാശിയേറിയ മത്സരമായി ഇത് മാറും – ജംഷഡ്പുര്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

13 മത്സരങ്ങളില്‍ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ് സിക്ക് ജയിച്ചാല്‍ എഫ് സി ഗോവയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറാം. എന്നാല്‍, ഇത് ശാശ്വതമല്ല. കാരണം ഗോവക്ക് രണ്ട് മത്സരങ്ങള്‍ ഇനിയും കളിക്കാന്‍ ബാക്കി കിടക്കുന്നു.
ഇതൊരു മരണക്കളിയാണെന്ന വിശേഷണത്തോട് കോപ്പലിന് അഭിപ്രായമില്ല. അഞ്ച് മത്സരങ്ങള്‍ അവശേഷിക്കുന്നു. മുംബൈയോട് തോറ്റാലും സാധ്യത അവസാനിക്കുന്നില്ല. എന്നാല്‍, കാര്യങ്ങള്‍ പ്രയാസകരമാകും – കോപ്പല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് ഹോം മാച്ചിലും മുംബൈ സിറ്റി പരാജയപ്പെട്ടതാണ്. കേരള ബ്ലാസ്റ്റേഴ്‌സിനോട് 1-0നും ബെംഗളുരുവിനോട് 3-1നും. ഇന്ന് വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുവരാനാണ് മുംബൈ ലക്ഷ്യമിടുന്നത്.