Connect with us

Ongoing News

ഇനി ഏകദിനപ്പോര്; ചരിത്രം തിരുത്താന്‍ ഇന്ത്യ

Published

|

Last Updated

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു.
ആറ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2019 ലോകകപ്പിലേക്ക് പതിനാല് മാസം മാത്രം മുന്നില്‍ നില്‍ക്കെ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ഈ പരമ്പര വലിയ തയ്യാറെടുപ്പാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയങ്ങോട്ട് പരിമിത ഓവര്‍ മത്സരങ്ങളുടെ തിരക്കിട്ട കാലമാണ്.
ദക്ഷിണാഫ്രിക്കയില്‍ ആറ് ഏകദിനങ്ങള്‍ക്ക് പിന്നാലെ മൂന്ന് ട്വന്റി20കള്‍, ശ്രീലങ്കയില്‍ ട്വന്റി20 ത്രിരാഷ്ട്ര ടൂര്‍ണമെന്റ്.
ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലുമായി മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും. പിന്നാലെ ഐ പി എല്‍ സീസണ്‍.
ആഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കടന്നു വരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്നേവരെ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 1992-93 ല്‍ 5-2നും 2006-07ല്‍ 4-0നും 2010-11 ല്‍ 3-2നും 2013-14ല്‍ 2-0നും ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചിരുന്നു.

രണ്ട് തവണ ഇന്ത്യ ഇവിടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. 1996-97 ലും 2001-02ലും. സിംബാബ്വെ, കെനിയ ടീമുകളായിരുന്നു മൂന്നാം ടീമുകള്‍. കിരീട ജയം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റ് റെക്കോര്‍ഡ് പരിതാപകരമാണ്.
1992-93 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ 28 ഏകദിനങ്ങളില്‍ ആതിഥേയരുമായി ഏറ്റുമുട്ടി. 21 ലും തോറ്റു. അഞ്ച് ജയം. ഡര്‍ബനിലെ റെക്കോര്‍ഡ് അതിലും ഭീകരമാണ്. 1992ന് ശേഷം ഏഴ് ഏകദിന മത്സരങ്ങള്‍ ഡര്‍ബനില്‍ കളിച്ചതില്‍ ആറിലും തോറ്റു.റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ താഴെയിറക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്കിത്. ദക്ഷിണാഫ്രിക്ക 120 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഇന്ത്യ 119 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

ടീം ഇന്ത്യ : വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്ശര്‍മ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, കെദാര്‍ ജാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, യുവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, ഷര്‍ദുല്‍ ഠാക്കൂര്‍.

ദക്ഷിണാഫ്രിക്ക : ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഹാഷിം അംല, ക്വുന്റന്‍ ഡി കോക് (വിക്കറ്റ് കീപ്പര്‍), ജെ പി ഡുമിനി, ഇമ്രാന്‍ താഹിര്‍, എയ്‌ഡെന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, മോര്‍നി മോര്‍ക്കല്‍, ക്രിസ് മോറിസ്, ലുന്‍ഗിസാനി എന്‍ഗിഡി, അന്‍ഡിലെ ഫെഹ്ലുവായോ, കഗിസോ റബാഡ,ടബ്രെയ്‌സ് ഷാംസി, കയെലിലെ സോന്‍ഡോ.

---- facebook comment plugin here -----

Latest