കാബൂളില്‍ സൈനിക അക്കാദമിക്ക് സമീപം ഭീകരാക്രമണം

Posted on: January 29, 2018 10:04 am | Last updated: January 29, 2018 at 5:56 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ ഭീകരര്‍ക്ക് അക്കാദമിക്കുള്ളില്‍ കടക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ചെറിയ റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചതായി എഎഫ് പി റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ചില ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകരാക്രമണമാണ് നഗരത്തിലുണ്ടാകുന്നത്. ശനിയാഴ്ച കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. 235 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കും. താലിബാന്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്ത ആക്രമണത്തെ തുടര്‍ന്ന് തലസ്ഥാന നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. ഇടക്കിടെയുണ്ടാകുന്ന ആക്രമണത്തില്‍ സര്‍ക്കാറും യു എസ് സൈന്യവും ആശങ്കയിലായിരിക്കുകയാണ്.

അഫ്ഗാനില്‍ നിലയുറപ്പിച്ച യു എസ് സൈനികരുടെ പിന്മാറ്റം ആവശ്യപ്പെട്ടാണ് സാധാരണക്കാര്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തുന്നത്.