Connect with us

Kerala

ലോക കേരളസഭക്ക് തുടക്കം; മലയാളികള്‍ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭക്ക് നിയമസഭാ മന്ദിരത്തില്‍ തുടക്കം കുറിച്ചത്. മലയാളികള്‍ അന്താരാഷ്ട്ര സമൂഹമായി മാറണമെന്നും ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരളസഭയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ലോക കേരളസഭക്ക് നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. ലോക കേരളസഭക്ക് കേരളത്തിന്റെ വികസനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുന്‍കാലങ്ങളില്‍ തെളിയിച്ച കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വലിയ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകത്തുള്ള മലയാളികളുടെ നൈപുണ്യം കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരളസഭക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും. അതിനാല്‍ തന്നെ ലോക കേരളസഭ രാജ്യത്തിനാകെ മാതൃകയായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എകെജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ എകെജി നിറഞ്ഞുനിന്നു. ജനാധിപത്യം എന്നത് ആരാധനാപൂര്‍വം നോക്കി തൊഴേണ്ട ശ്രീകോവിലുകളല്ല, അകത്ത് ചെന്ന് സമൂഹിക മാറ്റത്തിന് വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് എകെജിയാണെന്ന് പിണറായി അനുസ്മരിച്ചു. എകെജി തുറന്നിട്ട വഴികളിലൂടെയാണ് പാര്‍ലിമെന്റ് പോലും ഇന്ന് സഞ്ചരിക്കുന്നത്. പുറത്ത് പോരാടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എകെജി എന്നും പാര്‍ലിമെന്റിനുള്ളില്‍ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്.